വനിതാ ഡോക്ടർ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു, വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു, വെളിപ്പെടുത്തി വീട്ടുടമയുടെ മകൻ
മുംബയ് : മഹാരാഷ്ട്രയിലെ സത്താറയിൽ വനിതാ ഡോക്ടർ കൈവെള്ളയിൽ കുറിപ്പെഴുതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനടക്കം രണ്ടു പേരെ അറസ്റ്റ് ചെയ്തു. സബ് ഇൻസ്പെക്ടറായ ഗോപാൽ ബദ്നെയും ഐ.ടി ജീവനക്കാരനായ യുവാവുമാണ് അറസ്റ്റിലായത്. വനിതാ ഡോക്ടർ താമസിച്ചിരുന്ന വീടിന്റെ ഉടമയുടെ മകനാണ് അറസ്റ്രിലായ ടെക്കി യുവാവ്. ആത്മഹത്യാ കുറിപ്പിൽ ഇയാൾക്കെതിരെയും ആരോപണമുണ്ടായിരുന്നു.
അതേസമയം വനിതാ ഡോക്ടർക്കെതിരെ ആരോപണവുമായി ടെക്കി യുവാവും കുടുംബവും രംഗത്തെത്തി. വനിതാ ഡോക്ടറെ ഒരിക്കലും ഫോൺ വിളിച്ച് ശല്യപ്പെടുത്തിയിട്ടില്ലെന്നും ഡോക്ടറാണ് സ്ഥിരമായി ഫോൺ വിളിച്ച് യുവാവിനെ ശല്യപ്പെടുത്തിയതെന്നും കുടുംബം ആരോപിച്ചു. യുവാവിന്റെ ഫോൺ വിളി വിവരങ്ങൾ കുടുംബം പൊലീസിന് കൈമാറിയിട്ടുണ്ട്.
കഴിഞ്ഞ മാസം യുവാവിനെ ഡെങ്കി ബാധിച്ചപ്പോൾ ചികിത്സിച്ചത് വനിതാ ഡോക്ടറായിരുന്നു,. അവർ പരസ്പരം ഫോൺ നമ്പറുകൾ കൈമാറിയിരുന്നു. 15 ദിവസം മുൻപ് അവർ അവനോട് വിവാഹാഭ്യർത്ഥന നടത്തി. പക്ഷേ യുവാവ് നിരസിച്ചുവെന്ന് സഹോദരി വെളിപ്പെടുത്തി. വനിതാ ഡോക്ടർ വിവാഹം കഴിക്കാൻ നിർബന്ധിച്ചിരുന്നുവെന്ന് യുവാവും മൊഴി നൽകിയിട്ടുണ്ട്. ശാരീരിക ബന്ധത്തിനും നിർബന്ധിച്ചിരുന്നതായും യുവാവ് പറഞ്ഞു. യുവാവിന്റെ ഫോൺ വിവരങ്ങളും ചാറ്റ് വിവരങ്ങളും ശേഖരിച്ചതായും പൊലീസ് അറിയിച്ചു.
സത്താറയിലെ ഫൽത്താനിലെ ആരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറായ 26കാരിയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. എസ്.ഐയായ ഗോപാൽ ബദ്നെ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും അഞ്ചുമാസമായി ശാരീരിക മാനസിക പീഡനം തുടരുകയാണെന്നും കൈവെള്ളയിലെഴുതി വച്ചിട്ടാണ് യുവതി ജീവനൊടുക്കിയ്. ഇതേകുറിപ്പിലാണ് വീട്ടുടമയുടെ മകനെതിരെയും ആരോപണം ഉന്നയിച്ചിരുന്നത്. എസ്.ഐയും വീട്ടുടമയുടെ മകനും കാരണമാണ് താൻ ജീവനൊടുക്കുന്നതെന്നാണ് യുവതി കുറിപ്പിൽ എഴുതിയിരുന്നത്.