മന്ത്രി ഡില്ല ഗർഭിണി,​ 83 കുട്ടികൾ ,​ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ ഞെട്ടി ജനങ്ങൾ

Sunday 26 October 2025 9:33 PM IST

ബെർലിൻ: ഇത് എ,​ഐയുടെ കാലമാണ്. നടൻമാരും സംവിധായകരും അവതാരകരുമായി എ.ഐ അവതാരങ്ങൾ അരങ്ങു തകർക്കുന്ന കാലം. അൽബേനിയയിൽ ലോകത്തിലെ ആദ്യത്തെ എ.ഐ മന്ത്രിയെയും നിയമിച്ചിട്ടുണ്ട്. അൽബേനിയയുടെ പൊതു സംഭരണ സംവിധാനം പൂർണമായും സുതാര്യവും അഴിമതി രഹിതവും ആക്കുന്നതിന് വേണ്ടിയാണ് ഡില്ലയെ സെപ്തംബറിൽ മന്ത്രിയായി നിയമിച്ചത്.

ഇപ്പോഴിതാ ഡില്ലയെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റാണ് ചർച്ചാകുന്നത്. ‌ഡില്ല ഗർഭിണിയാണെന്ന് അറിയിച്ചിരിക്കുകയാണ് പ്രധാനമന്ത്രി എഡി രാമ. സോഷ്യലിസ്റ്റ് പാർട്ടിയിലെ ഓരോ പാർലമെന്റ് അംഗത്തിനും വേണ്ടി ഓരോ എ.ഐ സഹായികളെ അഥവാ ഡില്ലയുടെ 83 'കുട്ടികളെ' സൃഷ്ടിക്കാൻ പദ്ധതിയിടുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ബെർലിനിൽ നടന്ന ഗ്ലോബൽ ഡയലോഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡില്ല ഗർഭിണിയാണ്,​ 83 കുട്ടികളോട് കൂടി. പാർലമെന്റ് സമ്മേളനങ്ങളിൽ നടക്കുന്ന കാര്യങ്ങളെല്ലാം രേഖപ്പെടുത്താനും പാർലമെന്റ് അംഗങ്ങൾക്ക് ചർച്ചകളെ കുറിച്ചോ അവർക്ക് നഷ്ടമായ സംഭവങ്ങളെ കുറിച്ചോ വിവരങ്ങൾ നൽകാൻ ഈ കുട്ടികൾ സഹായിയായി പ്രവ‌ർത്തിക്കും.,​ ഈ കുട്ടികൾക്കെല്ലാം ഡില്ലയുടെ അറിവുണ്ടാകുമെന്നും രാമ വിശദമാക്കി,​ 2026 അവസാനത്തോടെ ഈ സംവിധാനം പൂർണമായും പ്രവർത്തന സജ്ജമാകും.

'ഇ-അൽബേനിയ' പ്ലാറ്റ്‌ഫോമിൽ വെർച്വൽ അസിസ്റ്റന്റായി ജനുവരിയിൽ രംഗപ്രവേശം ചെയ്ത ഡീല്ലയെ . പരമ്പരാഗത അൽബേനിയൻ വേഷം ധരിച്ച സ്ത്രീയുടെ രൂപത്തിലാണ് അവതരിപ്പിച്ചിട്ടുള്ളത്. മനുഷ്യനല്ലാത്ത ഒരു സർക്കാർ മന്ത്രിയെ ഔദ്യോഗികമായി നിയമിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് അൽബേനിയ. നിർമ്മിത ബുദ്ധിക്കുവേണ്ടിയുള്ള മന്ത്രി എന്നതിലുപരി, കോഡുകളും പിക്സലുകളും മാത്രം ഉൾക്കൊള്ളുന്ന ഒരു എഐ സ്ഥാപനം എന്ന നിലയിലാണ് ഡീല്ല പ്രവർത്തിക്കുന്നത്.