മദ്യനിർമ്മാണ കമ്പനിയുടെ പേരിൽ ഒരു കോടി രൂപ തട്ടിയ യുവാവ് അറസ്റ്റിൽ

Monday 27 October 2025 1:52 AM IST

ആലപ്പുഴ: പഞ്ചാബിലെ എസ്.എസ്.ആർ ഡിസ്റ്റിലറീസ് എന്ന മദ്യനിർമ്മാണ കമ്പനിയുടെ പാർട്ണറാണെന്ന് പരിചയപ്പെടുത്തി പ്രെമോട്ടറാക്കാമെന്ന് പ്രലോഭിപ്പിച്ച് ചാരുംമൂട് സ്വദേശിയായ റിട്ട.കാഷ്യൂ കോർപ്പറേഷൻ ഉദ്യോഗസ്ഥനിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്ത കേസിൽ ബാർ മാനേജർ അറസ്റ്റിൽ. ചുനക്കര കരിമുളക്കൽ സാജൻ നിവാസിൽ എസ്. സാജനെയാണ് (42) നൂറനാട് പൊലീസ് ഇൻസ്പെക്ടർ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 2022 മുതൽ 2024 വരെയാണ് പണം തട്ടിയെടുത്തത്. മുമ്പ് ചാരുംമൂട്ടിൽ ബാർ മാനേജരായി ജോലിചെയ്തിരുന്ന സാജൻ,​ ഇപ്പോൾ കരുനാഗപ്പള്ളി നഗരത്തിലെ ഒരു ബാറിന്റെ മാനേജരാണ്.

2019ൽ സാജനും രണ്ട് സുഹൃത്തുക്കളും ചേർന്ന് എറണാകുളത്തെ കാക്കനാട് ഒരു മുറി വാടകയ്ക്ക് എടുത്ത് എസ്.എസ്.ആർ ഡിസ്റ്റിൽഡ് ആൻഡ് ബോട്ടിൽഡ് സ്പിരിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഒരു കമ്പനി ആരംഭിച്ചു. പഞ്ചാബിലെ മദ്യനിർമ്മാണ കമ്പനിയിലെ മദ്യം കേരള ബീവറേജസ് കോർപ്പറേഷന് വിൽപ്പന നടത്തുന്നതിനുള്ള ലൈസൻസ് നേടാനായിരുന്നു ശ്രമം. ഇതിനിടെ വിവിധ ആൾക്കാരെ സമീപിച്ച് പണം ആവശ്യപ്പെട്ടു തുടങ്ങി. ഇങ്ങനെയാണ് ചാരുംമൂട് സ്വദേശി ഒരു കോടി രൂപ നിക്ഷേപിച്ചത്. ഇതിനിടയിൽ കാക്കനാട് ഓഫീസ് പൂട്ടി. തുടർന്ന് സാജൻ, ഭാര്യ രമ, സുഹൃത്തായ ഓച്ചിറ സ്വദേശി അനൂപ്, അനൂപിന്റെ ഭാര്യ രമ്യ എന്നിവർ ഉടമകളായി ചാരുംമൂട് ജംഗ്ഷനിൽ റൂമെടുത്ത് കോപ്പിയസ് ഡിസ്റ്റിലറിസ് എന്ന സ്ഥാപനം ആരംഭിച്ചു. ഗോവയിലെ രണ്ടു സ്വകാര്യ ഡിസ്റ്റലറികൾ ലീസിന് എടുത്ത് മദ്യനിർമാണം നടത്താൻ ശ്രമം നടത്തുന്നതായി ചാരുംമൂട് സ്വദേശിയെ പറഞ്ഞു വിശ്വസിപ്പിച്ചു. 2024ൽ മുഴുവൻ തുകയും സാജനും സംഘവും വാങ്ങിയെടുത്തു. ഇവർ വാഗ്ദാനം നൽകിയത് പോലെ ലൈസൻസ് ലഭിക്കാതെ വന്നതോടെയാണ് ചാരുംമൂട് സ്വദേശിക്ക് വഞ്ചിക്കുകയായിരുന്നു എന്ന് മനസ്സിലായത്. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ നൂറനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ.ബിനുകുമാർ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തുടർന്നാണ് നൂറനാട് പൊലീസ് ഇൻസ്പെക്ടർ എസ്.ശ്രീകുമാർ സാജനെ അറസ്റ്റ് ചെയ്തത്. എസ്.ഐമാരായ മിഥുൻ.എസ്, മധു.വി, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജഗദീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജതമാക്കി.