വിജിലൻസ് റെയ്ഡ്: ബിവറേജസ് ഗോഡൗണിൽ കണ്ടെത്തിയത് കണക്കിൽപ്പെടാത്ത 50 കെയിസുകൾ

Monday 27 October 2025 1:23 AM IST

ആറ്റിങ്ങൽ: ബിവറേജസ് കോർപ്പറേഷന്റെ ആറ്റിങ്ങൽ വലിയകുന്നിലെ വെയർഹൗസിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് കണക്കിൽപ്പെടാത്ത 50 കെയിസ് മദ്യം. ബിവറേജസ് ഔട്ട്ലെറ്റുകളിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ 25 അംഗ സംഘമാണ് ആറ്റിങ്ങലിലും റെയ്ഡ് നടത്തിയത്. കാലപ്പഴക്കം ചെന്നതും സ്റ്രിക്കർ,ലേബൽ എന്നിവയില്ലാത്തതുമായ മദ്യം,ബിയറുകൾ,വിലയേറിയ മദ്യം എന്നിവ കണ്ടെത്തി.

40,000 കെയ്സ് സൂക്ഷിക്കേണ്ട സ്ഥലത്ത് 60,000 കെയ്സുകളാണ് കണ്ടെത്തിയത്. ഇവ കണക്കിൽ ഉൾപ്പെട്ടതാണെങ്കിലും 50 കെയ്സുകൾ കണക്കിൽപ്പെടാത്തവയാണെന്ന് വിജിലൻസ് സംഘം പറഞ്ഞു. ക്രമക്കേടുകളെക്കുറിച്ച് പരിശോധന തുടരുകയാണെന്നും വിജിലൻസ് അധികൃതർ പറഞ്ഞു. ഇന്നും റെയ്ഡ് തുടരും.

2 മാസം മുമ്പ് നടത്തിയ പരിശോധനയിൽ സ്റ്റോക്കിൽ വലിയ വ്യത്യാസം കണ്ടിരുന്നു. ഇവ ക്രമപ്പെടുത്താനും നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരിശോധന നടത്തിയത്. പരിശോധനയുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയായി ലോറിയിൽ നിന്ന് മദ്യം ഇറക്കിരുന്നില്ല. അതേസമയം, യഥാസമയം മടക്കി അയയ്ക്കേണ്ടവയും നശിപ്പിക്കേണ്ടതുമായ മദ്യമാണ് അധികമായി കണ്ടെത്തിയതെന്ന് സ്റ്റോർ അധികൃതർ പറഞ്ഞു.

ആറ്റിങ്ങലിൽ നടക്കുന്നത് സംഘടിത കൊള്ള

രണ്ട് മാസം മുമ്പ് നടത്തിയ സ്റ്റോക്കെടുപ്പിൽ മുന്തിയ വിദേശ മദ്യക്കുപ്പികൾ പലതും കാണാതായതിനെ തുടർന്നാണ് വീണ്ടും പരിശോധന നടത്തിയതെന്ന് ബിവറേജസ് കോർപ്പറേഷൻ സ്റ്റാഫ് ഓർഗനൈസേഷൻ വർക്കിംഗ്‌ പ്രസിഡന്റ്‌ ഡോ.വി.എസ്. അജിത് കുമാർ ആരോപിച്ചു. വർഷങ്ങളായി തുടരുന്ന കൊള്ള തടയാൻ എം.ഡി നേരിട്ട് അന്വേഷണം നടത്തണമെന്ന് സ്റ്റാഫ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.