മുഖം കാക്കാൻ സമവായ നീക്കം, പി.എം ശ്രീയിൽ മേൽനോട്ട സമിതി വന്നേക്കും
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിൽ നിന്ന് സർക്കാർ പിൻമാറണമെന്ന കടുത്ത നിലപാടിൽ ഉറച്ചുനിൽക്കുന്ന സി.പി.ഐ ഇന്നു ചേരുന്ന പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവിൽ കൈക്കൊള്ളുന്ന തീരുമാനം അനുനയത്തിന്റേതാകാൻ സാദ്ധ്യത.
ഇരു പാർട്ടികളുടെയും മുഖം രക്ഷിക്കുന്ന സമവായത്തിലെത്താനുള്ള ശ്രമങ്ങൾ മുന്നണി നേതൃത്വം നടത്തുന്നുണ്ട്. ഇന്ന് രാവിലെ 10നാണ് ആലപ്പുഴ ജില്ലാക്കമ്മിറ്റി ഓഫീസിൽ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം. രാവിലെ 10 മുതൽ മുഖ്യമന്ത്രിയും ആലപ്പുഴയിലുണ്ട്. വൈകുന്നേരം അഞ്ചു മണിക്ക് പുന്നപ്ര വയലാർ വാർഷിക പൊതുസമ്മേളനം വയലാറിൽ ഉദ്ഘാടനം ചെയ്യുമ്പാേൾ, ആ വേദിയിൽ സി.പി.ഐ സെക്രട്ടറി ബിനോയ് വിശ്വവും ഉണ്ടാവും. അതിനുമുമ്പ് പ്രശ്നം അവസാനിപ്പിക്കണമെന്ന ചിന്ത ഇരുപക്ഷത്തുമുണ്ട്.
പദ്ധതി നടപ്പാക്കും, പാഠ്യപദ്ധതി സംസ്ഥാനം തീരുമാനിക്കും എന്നാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നത്. കേന്ദ്ര സ്‌കൂൾ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ ഇന്നലെ നടത്തിയ പ്രതികരണം പിടിവള്ളിയാക്കിയെന്നാണ് സൂചന. ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് ദേശീയ വിദ്യാഭ്യാസ നയത്തിലെ സിലബസ് അതേപടി നടപ്പാക്കണമെന്ന് നിർബന്ധമില്ലെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
പാഠ്യപദ്ധതിയും പുസ്‌തകവും എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ സംസ്ഥാനത്തിന് അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇതു വിശ്വാസത്തിലെടുക്കാൻ സി.പി.ഐ തയ്യാറായാൽ പദ്ധതി നടപ്പാക്കാൻ മേൽനോട്ട സമിതിയെ നിയോഗിക്കാമെന്നനിർദ്ദേശം ഒത്തുതീർപ്പ് ഫോർമുലയായി മാറും. എന്നാൽ, പദ്ധതിയിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എൽ.ഡി.എഫ് കൺവീനർക്ക് നൽകിയ കത്തിന് മറുപടികൊടുത്തിട്ടില്ല.
പിന്നിൽ തിരഞ്ഞെടുപ്പ് സമ്മർദ്ദം
1. തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തിൽ ഇരുപാർട്ടികൾക്കും സമവായത്തിലെത്തിയേ തീരൂ. മുന്നണി വിടുന്നത് സി.പി.ഐയെ സംബന്ധിച്ച് ആത്മഹത്യാപരമായിരിക്കും.
2. പദ്ധതിയിൽ ഒപ്പു വച്ചെങ്കിലും അതിലെ നിബന്ധനകളുമായി മുന്നോട്ടു പോകില്ലെന്ന നിലപാടാണ് മന്ത്രി വി. ശിവൻകുട്ടി ആവർത്തിക്കുന്നത്. പദ്ധതി അടുത്ത എൽ.ഡി.എഫ് യോഗത്തിൽ ചർച്ച ചെയ്യാമെന്ന നിർദ്ദേശവും മുന്നോട്ടുവച്ചിട്ടുണ്ട്