വട്ടവിള സുരേഷ് റോഡ്: ബദൽ റോഡ് ആവശ്യം തള്ളി റെയിൽവേ
നേമം: നേമം പൊലീസ് ക്വാർട്ടേഴ്സ് റോഡിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷന് സമീപമുള്ള വട്ടവിള -സുരേഷ് റോഡ് റെയിൽവേ ഏറ്റെടുത്തതോടെ പ്രദേശത്തെ താമസക്കാരുടെ യാത്രാക്ലേശം പരിഹരിക്കാൻ ബദൽ റോഡ് വേണമെന്ന ആവശ്യം തള്ളി റെയിൽവെ. തിരുവനന്തപുരം റെയിൽവേ ഉദ്യോഗസ്ഥർ ഇക്കാര്യം കേന്ദ്ര റെയിൽവേ മന്ത്രാലയത്തെ അറിയിച്ചു. റെയിൽവേ ട്രാക്കിന് സമാന്തരമായി പോകുന്ന 3 മീറ്റർ വീതിയുള്ള ആംബുലൻസ് വഴി പൊതു ജനങ്ങൾക്ക് ഉപയോഗിക്കാം എന്ന് താമസക്കാരെ അറിയിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
നാട്ടുകാരുടെ പരാതി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനെ നേരിട്ട് അറിയിച്ചിരുന്നു. തുടർന്ന് സ്ഥലം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ റെയിൽവേ ഉദ്യോഗസ്ഥരോട് മന്ത്രി നിർദ്ദേശിക്കുകയും ചെയ്തു.
സിറ്റി കോർപ്പറേഷൻ റെയിൽവേയുടെ സ്ഥലത്ത് റോഡ് നിർമ്മിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ പാട്ടത്തുക നൽകി റോഡ് ഉപയോഗിക്കാം. അല്ലെങ്കിൽ സംസ്ഥാന സർക്കാർ അധിക ഭൂമിയേറ്റെടുത്ത് പുതിയ റോഡ് നിർമ്മിക്കണമെന്നാണ് റെയിൽവേ അധികൃതരുടെ നിലപാട്. സംസ്ഥാന സർക്കാർ ഒന്നര കോടി രൂപ വാങ്ങിയാണ് റോഡ് 2021ൽ റെയിൽവേക്ക് കൈമാറിയത്. റെയിൽവേയുടെ കസ്റ്റഡിയിലുള്ള ഭൂമി റെയിൽവേ ഇതര ആവശ്യങ്ങൾക്കായി കൈമാറാൻ കഴിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
മനുഷ്യാവകാശ കമ്മിഷൻ വിശദീകരണം തേടി
വട്ടവിള- സുരേഷ് റോഡ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് റെയിൽവേക്ക് കൈമാറിയെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജില്ലാ കളക്ടറോട് വിശദീകരണം തേടി. ഇത് സംബന്ധിച്ച വാർത്ത ഈമാസം 21ന് കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. പത്രവാർത്ത ഉൾപ്പെടുത്തി ആക്ഷൻ കൗൺസിൽ സെക്രട്ടറി അനിൽകുമാർ സമർപ്പിച്ച പരാതിയിലാണ് ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് വിശദീകരണം തേടിയത്.