നിറഞ്ഞ നന്മയുടെ സ്നേഹപ്രകാശം

Monday 27 October 2025 2:30 AM IST

കഴിഞ്ഞദിവസം അന്തരിച്ച കേരള യൂണി. മുൻ പ്രോ വൈസ് ചാൻസലർ പ്രൊഫ.എസ്.കെ. രാജഗോപാലിനെ സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ അനുസ്മരിക്കുന്നു

പ്രൊഫ.എസ്.കെ. രാജഗോപാലിന്റെ വേർപാട് ആകസ്മികമാണ്. ഒരു പൂർണ ജീവിതത്തിന്റെ ധന്യത നേടിയ ഗുരുനാഥൻ, ഭരണകർത്താവ്, വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കും സ്നേഹത്തിന്റെ ശീതളസ്പർശം... അകാലത്തിലെന്ന് പറഞ്ഞുകൂടെങ്കിലും,​ അദ്ദേഹം വിടവാങ്ങുമ്പോൾ ഹൃദയത്തിൽ വളരുന്നത് അമർത്താനാവാത്ത വേദനയുടെ വിങ്ങലാണ്.

ചെമ്പഴന്തി എസ്.എൻ കോളേജിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുന്ന കാലാണ് അദ്ദേഹം കേരളസർവകലാശാലയിൽ രജിസ്ട്രാറായി നിയമിതനാകുന്നത്. സെനറ്റ് അംഗമെന്ന നിലയ്ക്ക് അദ്ദേഹത്തോട് അടുത്തിടപഴകാൻ അവസരമുണ്ടായിട്ടുണ്ട്. എന്റെ കുടുംബിനി കേരള സർവകലാശാലയിൽ ഉദ്യോഗസ്ഥയായിരുന്നതുകൊണ്ട് അവിടത്തെ ഭരണസംവിധാനം അടുത്തറിയാനും ഇടവന്നിട്ടുണ്ട്.

സർവകലാശാലാ ഉദ്യോഗസ്ഥർക്കിടയിൽ പുലരുന്ന സൗഹാർദ്ദവും,​ അവിടെ വികസിതമാകുന്ന സാംസ്കാരിക പ്രവർത്തനങ്ങളും അടുത്തുകണ്ടിട്ടുണ്ട്. ഇത്ര ഹൃദയൈക്യത്തോടെ ഉദ്യോഗസ്ഥർ കർമ്മോന്മുഖരാകുന്ന അധികം രംഗങ്ങൾ ദർശിക്കാനായിട്ടില്ല. സർവകലാശാല,​ അറിവിന്റെയും വിജ്ഞാനത്തിന്റെയും സംസ്കാരത്തിന്റെയും പരിപോഷണത്തിന് ഉപയുക്തമാകണം. അതിനനുകൂലമായ അന്തരീക്ഷമൊരുക്കുന്നതിൽ വിവേകമതികളായ ഭരണകർത്താക്കൾ മുഖ്യപങ്ക് വഹിക്കുന്നു. സർവകാശാലയ്ക്കു കീഴിലുള്ള സ്ഥാപനങ്ങളിൽ പ്രതിഭാധനരുടെ സൃഷ്ടികൾ ഏകോപിപ്പിച്ച് സാംസ്കാരികരംഗം പ്രബുദ്ധമാക്കുന്നതിന് സാഹചര്യമൊരുക്കുകയും വേണം.

ഇക്കാര്യത്തിലൊക്കെ സദാ ജാഗരൂകനായിരുന്ന ഭരണാധികാരിയെയാണ് പ്രൊഫ.എസ്.കെ. രാജഗോപാലിൽ ഞാൻ കണ്ടത്. വിദ്യാർത്ഥികൾക്കും സഹാദ്ധ്യാപകർക്കും പ്രിയങ്കരനായ പ്രൊഫസറും പ്രിൻസിപ്പലും ആയിരുന്നതിനാൽ ആ വ്യക്തിത്വത്തിന്റെ പ്രകാശം രജിസ്ട്രാർ എന്ന നിലയിലും അനുഭവപ്പെട്ടിരുന്നു. ജീവനക്കാർക്ക് ഭരണാധികാരി എന്നതിനപ്പുറം ഒരു ജ്യേഷ്ഠന്റെ നേതൃത്വവും പരിരക്ഷയുമാണ് എസ്.കെ.ആറിൽ നിന്ന് ലഭിച്ചത്. ഉദ്യോഗസ്ഥർക്ക് അന്തർസർവകലാശാലാ തലത്തിലെ സെമിനാറുകളിലും പഠനക്കളരികളിലും പങ്കെടുക്കുന്നതിനും അദ്ദേഹം അവസരമൊരുക്കി. ബോംബെയിൽ നടന്നൊരു ദേശീയ സെമിനാറിൽ പങ്കെടുക്കുന്നതിനുള്ള യാത്രാസൗകര്യമൊരുക്കാനും താമസസൗകര്യങ്ങൾ ഏർപ്പെടുത്താനും സ്വന്തം മകനെത്തന്നെ നിയോഗിച്ച എസ്.കെ.ആറിന്റെ മാതൃക അതിൽ പങ്കെടുത്തവർ ഇപ്പോഴും നന്ദിയോടെ ഓർത്തുപറയുന്നുണ്ട്.

സർവകലാശാലയിൽ സംഭവിച്ച രണ്ട് പ്രക്ഷോഭങ്ങൾ സെനറ്റംഗമായിരുന്ന ഞാൻ മറന്നിട്ടില്ല. ഒന്ന് സർവകലാശാലാ വിദ്യാഭ്യാസത്തിൽ നിന്ന് പ്രിഡിഗ്രി വേർപെടുത്താനുള്ള തിടുക്കമേറിയ സർക്കാർ തീരുമാനത്തിനെതിരെ നടന്ന സമരം. മറ്റൊന്ന് എം.ജി സർവകലാശാലാ രൂപീകരണത്തോടെ കേരള സർവകലാശാലയിൽ നിന്ന് അവിടേക്ക് ഓപ്ഷൻ നൽകുന്നതിന് കൈക്കൊണ്ട നടപടികൾക്കെതിരെ ജീവനക്കാർ നടത്തിയ സംഘടിതസമരം. ഈ സമരങ്ങളിൽ പങ്കെടുത്ത ജീവനക്കാരികൾക്കെതിരെ നിയമനടപടികൾ കൈക്കൊണ്ട് സമരത്തെ നേരിടുന്നതിനുള്ള വ്യഗ്രത സർക്കാർതലത്തിൽ കൈക്കൊണ്ടു. ക്രിമിനൽ കേസുകളെടുത്ത് സമരക്കാരെ പിന്തിരിപ്പിക്കാനാണ് മന്ത്രിതലത്തിൽ തീരുമാനമുണ്ടായത്.

അതിന്റെയൊരു ഇര സർവകലാശാലാ ഉദ്യോഗസ്ഥയായിരുന്ന എന്റെ കുടുംബിനിയായിരുന്നു. ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്ത് പൊലീസ് കേസിൽ പ്രതിയാക്കപ്പെടുമെന്ന ഘട്ടത്തിൽ അടിയന്തരമായി രക്ഷാമാർഗം കണ്ടെത്തണമെന്ന് യഥാസമയം എന്നെ അറിയിച്ചത് രജിസ്ട്രാർ എസ്.കെ.ആർ ആണ്. ജീവനക്കാരെ കേസിൽ നിന്ന് രക്ഷപ്പെടുത്തുന്നതിന് ഡി.ജി.പി ആയിരുന്ന എം.കെ. ജോസഫ് സാറിന്റെ നിർദ്ദേശത്തിൽ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനെ സന്ദർശിച്ച് അനുകൂല തീരുമാനമെടുപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനം. നിർദ്ദോഷികളായ സർവകലാശാലാ ഉദ്യോഗസ്ഥരെ കേസുകളുടെ കുരുക്കിൽ നിന്ന് മോചിപ്പിക്കാനായതിൽ എസ്.കെ.രാജഗോപാലിന്റെ മനുഷ്യസ്നേഹപ്രേരിതമായ സന്മനസ് നിദാനമായിരുന്നുവെന്ന് ഈ വേർപാടിന്റെ നിമിഷത്തിൽ നന്ദിപൂർവം ഞാൻ സാക്ഷ്യപ്പെടുത്തുന്നു.

നല്ല അദ്ധ്യാപകൻ,​ മികച്ച ഭരണകർത്താവ്,​ എല്ലാവരെയും സൗഹൃദപൂർവം പരിരക്ഷിക്കുന്ന സ്നേഹപ്രകാശം... എന്നിങ്ങനെ വിവിധ നിലകളിൽ എന്നും ഓർമ്മിക്കപ്പെടുന്നതാണ് പ്രൊഫ.എസ്.കെ. രാജഗോപാലിന്റെ വ്യക്തിത്വം. അതുകൊണ്ടുതന്നെ ഒരു പുരുഷായുസിന്റെ പൂർണശോഭയോടെ അദ്ദേഹം വിടപറയുമ്പോഴും വലിയൊരു ശൂന്യത, നഷ്ടബോധം പരിചിതർക്കൊക്കെ അനുഭവപ്പെടുക സ്വാഭാവികമാണ്. വന്ദ്യനായ ഗുരുനാഥാ, അങ്ങേയ്ക്ക് ദുഃഖം ഉള്ളിലൊതുക്കി,നഷ്ടബോധത്തോടെ വിടചൊല്ലുന്നു. ആത്മശാന്തി നേരുന്നു.