ആലപ്പുഴയ്ക്ക് എയിംസ് കിട്ടാൻ തൃശൂരുകാർ പ്രാർത്ഥിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

Monday 27 October 2025 1:41 AM IST

തൃശൂർ: തൃശൂരിൽ എയിംസ് വരുമെന്ന് പറഞ്ഞിട്ടില്ലെന്നും ആലപ്പുഴയ്ക്ക് എയിംസ് ലഭിക്കാൻ തൃശൂരുകാർ വടക്കുന്നാഥനും ലൂർദ് മാതാവിനും മുന്നിൽ പ്രാർത്ഥിക്കണമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിൽ ലോക്‌സഭാ ജനപ്രതിനിധിയായി നടത്തുന്ന എസ്.ജി കോഫി ടൈംസിന്റെ നഗരത്തിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

കമ്മ്യൂണിസം കൊണ്ട് തുലഞ്ഞുപോയ ജില്ലയാണ് ആലപ്പുഴ. ഇല്ലായ്മയിൽ കിടക്കുന്ന ഈ ജില്ലയെ ഉയർത്തിക്കൊണ്ട് വരാനാണ് ശ്രമം. ആലപ്പുഴയിൽ ഒരു ആശുപത്രിയിലും ജനങ്ങൾക്ക് സൗകര്യമില്ല. 2016ൽ പറഞ്ഞ കാര്യമാണ് എയിംസ് ആലപ്പുഴയ്ക്ക് വേണമെന്ന്. ഇപ്പോഴും അതിൽ ഉറച്ചു നിൽക്കുന്നു. രാഷ്ട്രീയവും പ്രാദേശികതയുമല്ല ഇതിൽ കാണുന്നത്. നിലപാടുകളിൽ ഒറ്റത്തന്തയ്ക്ക് പിറന്നവനാണ്. വാക്കും നിലപാടും മാറ്റാറില്ല.

മെട്രോ ട്രെയിൻ സർവീസ് തൃശൂരിലേക്ക് വരുമെന്നും പറഞ്ഞിട്ടില്ല. കൊച്ചി -മെട്രോ അങ്കമാലി കഴിഞ്ഞ് ഉപപാതയായി പാലിയേക്കര വഴി കോയമ്പത്തൂർക്ക് പോകണം. മറ്റൊരു ഉപപാതയായി നാട്ടിക, തൃപ്രയാർ, ഗുരുവായൂർ വഴി താനൂരിലും എത്തണം. യൂണിഫോം സിവിൽകോഡ് നടപ്പാക്കണം. എങ്കിലേ എല്ലാവർക്കും തുല്യനിയമം ഉറപ്പാക്കാനാകൂ. മേൽത്തട്ട് വിഭാഗത്തിന്റെ പ്രശ്‌നങ്ങളാണ് ഇതിൽ ചർച്ച ചെയ്യുന്നത്. കലുങ്ക് സംവാദത്തിൽ ചർച്ച ചെയ്തത് അടിത്തട്ട് വിഭാഗത്തിന്റെ പ്രശ്‌നങ്ങളായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.