 പൊൻപാറ- ചെരുപ്പാണി റോഡ് യാത്ര ദുഷ്ക്കരം

Monday 27 October 2025 12:55 AM IST

വിതുര: തൊളിക്കോട് പഞ്ചായത്തിലെ പൊൻപാറ- ചെരുപ്പാണി റോഡ് കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗതയോഗ്യമല്ലാതായി. അഞ്ച് കിലോമീറ്ററോളം ദൂരം വരെയുള്ള റോഡാണ് തകർന്നുകിടക്കുന്നത്. പ്രസിദ്ധമായ ചീറ്റിപ്പാറ ടൂറിസം കേന്ദ്രത്തിലേക്ക് പോകുവാൻ ടൂറിസ്റ്റുകൾ ആശ്രയിക്കുന്ന പ്രധാന റോഡാണിത്. ടൂറിസ്റ്റുകൾ നടുവൊടിഞ്ഞ് സഞ്ചരിക്കേണ്ട അവസ്ഥയാണ് നിലവിൽ. നൂറുകണക്കിന് ആദിവാസികൾ ആശ്രയിക്കുന്ന പ്രധാന റോഡാണ് തകർച്ച നേരിടുന്നത്. ശോച്യാവസ്ഥ നിമിത്തം സ്വകാര്യവാഹനങ്ങൾ ഓട്ടം വിളിച്ചാൽ എത്തുവാൻ വിമുഖത കാട്ടുന്ന സ്ഥിതിയാണ് നിലവിൽ. മാത്രമല്ല അനവധി സ്കൂൾ വാഹനങ്ങളും റോഡിലൂടെ കടന്നുപോകുന്നുണ്ട്. ഉടൻ പരിഹാര നടപടികൾ സ്വീകരിച്ച് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

മഴയിൽ ഏറെ തകർന്നു

വാഹനങ്ങൾ കുഴിയിൽ വീണ് അപകടം തുടർക്കഥയായി. വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിലൂടെയുള്ള യാത്ര ഏറെ അപകടം നിറഞ്ഞതാണ്. ശോച്യാവസ്ഥമൂലം അനവധി അപകടങ്ങളാണ് നടന്നത്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽ പെടുന്നത്. ബൈക്കുകൾ മറിഞ്ഞ് അനവധി പേർക്ക് പരിക്കേറ്റു. മുൻപ് ബൈക്കപകടത്തിൽ ഒരാൾ മരണപ്പെടുകയും ചെയ്തിരുന്നു. റോഡിന് വേണ്ടത്ര വീതിയുമില്ല.

കൈയേറ്റം വ്യാപകം

പുറംപോക്ക് കൈയേറ്റവും വ്യാപകമാണ്. റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മുട്ടാത്തവാതിലുകളില്ല. എം.പിക്കും എം.എൽ.എക്കും ത്രിതലപഞ്ചായത്തിലും അനവധി തവണ നിവേദനം നൽകിയിട്ടുണ്ട്. സമരപരമ്പരകളും അരങ്ങേറി.പൊൻപാറ ചെരുപ്പാണി റോഡിന്റെ ശോച്യാവസ്ഥയും അപകടങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. നേരത്തേ റോഡ് ടാറിംഗ് നടത്തുന്നതിനായി ഫണ്ട് അനുവദിച്ചെങ്കിലും പണി നടന്നില്ല. റോഡ് തകർന്നതോടെ ഇതുവഴി സർവീസ് നടത്തിയിരുന്ന ബസും നിർത്തലാക്കി.

തൊളിക്കോട് പഞ്ചായത്തിലെ പൊൻപാറ ചീറ്റിപ്പാറ റോഡ് അടിയന്തരമായി ടാറിംഗ് നടത്തണം. നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.

പൊൻപാറ കെ. രഘു

പൊൻപാറ റസിഡന്റ് അസോസിയേഷൻ പ്രസിഡന്റ്