കേച്ചേരി-അക്കിക്കാവ് ബൈപാസ് തുറക്കുന്നു തലയെടുപ്പോടെ

Monday 27 October 2025 12:22 AM IST

കുന്നംകുളം: കേച്ചേരി-അക്കിക്കാവ് ബൈപാസ് ഇന്ന് തുറക്കുന്നതോടെ തൃശൂരിൽ നിന്ന് വടക്കൻ ജില്ലകളിലേക്കുളള വാഹനങ്ങളുടെ ഒഴുക്ക് സുഗമമാകും. വേലൂർ -കുറാഞ്ചേരി സംസ്ഥാനപാതയിൽ കേച്ചേരിയിൽ നിന്ന് ആരംഭിച്ച് ചാവക്കാട്-വടക്കാഞ്ചേരി സംസ്ഥാനപാതയ്ക്ക് കുറുകെ പന്നിത്തടം ജംഗ്ഷനിലൂടെ കടന്നുപോയി തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിലെ അക്കിക്കാവിൽ അവസാനിക്കുന്നതാണ് ബൈപ്പാസ്. ഏകദേശം നാല് കിലോമീറ്റർ ദൂരം ലാഭിച്ച് യാത്ര നടത്താനാകും. കുന്നംകുളം നഗരപ്രദേശത്തെ ഗതാഗത തിരക്ക് കുറയ്ക്കാനുമാകും. 27 ന് വൈകീട്ട് 5.30 ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. എ.സി മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.

ജിയോ സെൽ-ജിയോ ടെക്‌സ്റ്റൈൽ ആദ്യം

1.90 കിലോമീറ്റർ നീളത്തിൽ വയലിലൂടെ കടന്നുപോകുന്ന ഭാഗങ്ങളിൽ, ആധുനിക സാങ്കേതിക വിദ്യയായ ജിയോ സെൽ-ജിയോ ടെക്‌സ്റ്റൈൽ സംവിധാനം വിരിച്ച് സബ്‌ഗ്രേഡ് ബലപ്പെടുത്തിയാണ് റോഡ് നിർമ്മിച്ചത്. ഈ സാങ്കേതിക വിദ്യ പ്രയോഗിച്ചുള്ള ആദ്യത്തെ പൊതുമരാമത്ത് വകുപ്പിന്റെ റോഡാണ് കേച്ചേരി-അക്കിക്കാവ് ബൈപ്പാസ്. റോഡ് നവീകരണപ്രവൃത്തികളുടെ ഭാഗമായി ബി.എം-ബി.സി ടാറിംഗ്് ഉൾപ്പെടെ ഐ.ആർ.സി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള റോഡ് സുരക്ഷാ സംവിധാനങ്ങളും നടപ്പിലാക്കി.

യെലോ ബോക്‌സ് മാർക്കിംഗ് ആദ്യം

പന്നിത്തടം ജംഗ്ഷനിൽ 19.39 ലക്ഷം രൂപ ചെലവിൽ കെൽട്രോണിന്റെ നേതൃത്വത്തിൽ സോളാർ പവേഡ് ഓട്ടോമാറ്റിക് ട്രാഫിക് സിഗ്‌നൽ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ജംഗ്ഷനിൽ വർദ്ധിച്ചു വരുന്ന വാഹനാപകടങ്ങൾ പരിഗണിച്ച് സിഗ്‌നൽ സംവിധാനം നടപ്പിലാക്കിയതോടൊപ്പം 'യെലോ ബോക്‌സ് മാർക്കിംഗ് ' എന്നറിയപ്പെടുന്ന റോഡ് മാർക്കിംഗാണ് അടയാളപ്പെടുത്തിയത്.പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളിൽ ഇത്തരത്തിലുള്ള മാർക്കിംഗ് നടപ്പിലാക്കുന്നത് ആദ്യമാണ്. 0.54 ഹെക്ടർ പൊതുമരാമത്ത് പുറമ്പോക്ക് ഭൂമി ഒഴിപ്പിച്ച് റോഡിനോട് ചേർത്തതോടൊപ്പം എ.സി. മൊയ്തീൻ എം.എൽ.എ, പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സംയുക്ത ഇടപെടലിൽ 0.5456 ഹെക്ടർ ഭൂമി മുൻകൂറായി ഏറ്റെടുത്താണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്.

  • മൊത്തം നീളം: 9.88 കിലോമീറ്റർ
  • വീതി: 12 മീറ്റർ
  • മാനദണ്ഡം: കിഫ്ബി.
  • ആദ്യം സാമ്പത്തിക അനുമതി: 32.66 കോടി രൂപ
  • ഭരണാനുമതി: 15.02.2020ന്
  • പണിതുടങ്ങിയത്: 16.01.2024ന്
  • പൂർത്തിയാക്കിയത്: 15.07.2025 ന്
  • റിവൈസ്ഡ് എസ്റ്റിമേറ്റ് പ്രകാരം ആകെ ചെലവ്:
  • 48.59 കോടിയിൽ നിന്ന് 54.61 കോടിയാക്കി