ഭരണത്തിന് കച്ചകെട്ടി മുന്നണികൾ
- ഹാട്രിക് ലക്ഷ്യമിട്ട് എൽ.ഡി.എഫ്
- ഭരണം പിടിക്കാൻ യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ
തൃശൂർ: കോർപറേഷനിൽ ഡിവിഷൻ നിർണയം പൂർത്തിയായതോടെ ഹാട്രിക് ലക്ഷ്യമിട്ട് ഇടതുമുന്നണിയും പാർട്ടിക്കുള്ളിലെ പടലപ്പിണക്കത്തിൽ ഭരണം നഷ്ടപ്പെട്ട യു.ഡി.എഫും കൊമ്പുകോർക്കുമ്പോൾ ഭരണം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് എൻ.ഡി.എ.
മേയർ തങ്ങൾക്കൊപ്പം നിൽക്കില്ലെന്ന ധാരണയിലാണ് വികസനനേട്ടങ്ങളുമായി എൽ.ഡി.എഫ് കരുക്കൾ നീക്കുന്നത്. എന്നാൽ മേയർ എം.കെ.വർഗീസിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയോടുള്ള അടുപ്പം മേയർ ബി.ജെ.പിയോട് അടുക്കുന്നതിന്റെ സൂചനയാണെന്ന സംശയത്തിലാണ് എൽ.ഡി.എഫ്.
പല വേദികളിലും സുരേഷ് ഗോപി മേയറെ പുകഴ്ത്തി പറയുന്നത് ഇതിന് ആക്കം കൂട്ടുന്നു. മേയറുടെ അടുത്തനിലപാട് എന്തായിരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. രണ്ട് വർഷം മേയർ സ്ഥാനം വാഗ്ദാനം ചെയ്ത് ഇടതുപക്ഷം കൊണ്ടുവന്ന എം.കെ.വർഗീസ് അഞ്ച് വർഷം പൂർത്തിയാക്കിയാണ് പടിയിറങ്ങുന്നത്. മേയർ എം.കെ.വർഗീസും പ്രതിപക്ഷ നേതാവ് രാജൻ പല്ലനും ഇത്തവണ മത്സരത്തിന് ഇല്ലെന്നാണ് അറിയുന്നത്.
പൊടിപാറും മത്സരം, ലക്ഷ്യം ഭരണം
കോൺഗ്രസിനുള്ളിലെ കലാപം മൂലം കഴിഞ്ഞതവണ ഒരു സീറ്റ് വ്യത്യാസത്തിൽ നഷ്ടമായ ഭരണം തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ് പാർട്ടി. ഡിവിഷൻ പുനഃസംഘടന തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്കു കൂട്ടലിലാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി നിർണയത്തിൽ പോര് തടയാനുള്ള ശ്രമവും എൽ.ഡി.എഫ് ആരംഭിച്ചു. പി.എം ശ്രീ അടക്കമുള്ള രാഷ്ട്രീയ വിവാദങ്ങളിലും ആശങ്കയുമുണ്ട്. സി.പി.ഐ അടക്കമുള്ളവരുടെ നിലപാടും പ്രസക്തമാണ്. ബി.ജെ.പിയെ സംബന്ധിച്ച് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയമാണ് ഭരണം പിടിക്കുമെന്നുള്ള അവകാശ വാദത്തിന്റെ പിന്നിൽ. കഴിഞ്ഞ തവണ ആറ് സീറ്റാണ് ലഭിച്ചത്. സുരേഷ് ഗോപിയെ മുന്നിൽ നിറുത്തിയായിരുന്നു പ്രചാരണം.
നിലവിലെ കക്ഷി നില
ആകെ ഡിവിഷൻ 55 എൽ.ഡി.എഫ് 25
(സ്വതന്ത്രരടക്കം) യു.ഡി.എഫ് 24 ബി.ജെ.പി 6