കഴക്കൂട്ടം പീഡനം : ബഞ്ചമിനെ തെളിവെടുപ്പിനെത്തിച്ചു
കഴക്കൂട്ടം: ഉറങ്ങിക്കിടന്ന ഐ.ടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ച കേസിലെ പ്രതി മധുര സ്വദേശി ബഞ്ചമിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഹോസ്റ്റൽ,മോഷണം നടത്തിയ വീടുകൾ,ട്രക്ക് പാർക്ക് ചെയ്തിരുന്ന സ്ഥലം,ഭക്ഷണം കഴിച്ച തട്ടുകട എന്നിവിടങ്ങളിലാണ് കഴക്കൂട്ടം എസ്.എച്ച്.ഒ ജെ.എസ്.പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തിയത്.
സംഭവദിവസം കഴക്കൂട്ടത്തെ തട്ടുകടയിൽ കയറി പെറോട്ടയും മുട്ടക്കറിയും കഴിച്ചതായി പ്രതി പറഞ്ഞിരുന്നു. ഭാര്യയും മൂന്നുമക്കളുമുള്ള ബഞ്ചമിനെതിരെ മോഷണത്തിനും സ്ത്രീകളെ ശല്യം ചെയ്തതിനും ഉൾപ്പെടെ 20ഓളം കേസുകളുണ്ടെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു. പല കേസുകളിലും വിചാരണ നടക്കുന്നുണ്ട്.
റിമാൻഡിലായ ബഞ്ചമിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് കഴക്കൂട്ടം പൊലീസ് ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയത്. ഇതിനുശേഷം മധുരയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇയാൾ രക്ഷപ്പെട്ട ട്രക്കും പൊലീസ് മധുരയിൽ നിന്ന് പിടിച്ചെടുത്ത് കഴക്കൂട്ടത്ത് എത്തിച്ചിട്ടുണ്ട്.