ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ മൂന്ന് മലയാളികൾ തമിഴ്നാട്ടിൽ അറസ്റ്റിൽ
കോയമ്പത്തൂർ: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ മൂന്ന് മലയാളികൾ തമിഴ്നാട്ടിൽ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ നബീൽ, ഹാരിസ്, മുഹമ്മദ് റമീസ് എന്നിവരാണ് അറസ്റ്റിലായത്. കള്ളപ്പണക്കേസിൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ തട്ടിയെടുത്തു എന്നതാണ് കേസ്.
ഏപ്രിൽ 18ന് തമിഴ്നാട് സർക്കാരിൽ നിന്നും വിരമിച്ച ചീഫ് എൻജിനീയർക്ക് സംഘത്തിൽ നിന്ന് ഫോൺ കോൾ ലഭിക്കുന്നു. ഇദ്ദേഹത്തിന്റെ ആധാർ കാർഡ് ഉപയോഗിച്ച് കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും ഇതേക്കുറിച്ചുള്ള അന്വേഷണ സംഘത്തിലുള്ളവരാണ് തങ്ങളെന്നും സംഘം പറഞ്ഞു. ചില രേഖകളൊക്കെ കാണിച്ച് അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചു. തുടർന്ന് 30 ലക്ഷം രൂപയോളം എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. പിന്നീട് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ ഇദ്ദേഹം കോയമ്പത്തൂർ സിറ്റി ക്രൈം സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ ആറു ലക്ഷം രൂപ അറസ്റ്റിലായ മലയാളികളിൽ ഒരാളുടെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തി. തുടർന്ന് പൊലീസ് മൂന്നുപേരെ അറസ്റ്റു ചെയ്തു. കേരളത്തിലടക്കം സമാനകേസുകളിൽ ഇവർക്ക് പങ്കുണ്ടെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.