21ാം നൂറ്റാണ്ട് ഇന്ത്യയുടെയും ആസിയാന്റെയും: മോദി
ന്യൂഡൽഹി: 21ാം നൂറ്റാണ്ട് ഇന്ത്യയുടെയും ആസിയാൻ രാജ്യങ്ങളുടേതുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മലേഷ്യയിലെ ക്വാലാലംപൂരിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയോട് അനുബന്ധിച്ചുള്ള ആസിയാൻ-ഇന്ത്യ സമ്മിറ്റിനെ ഓൺലൈനായി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ആസിയാൻ രാജ്യങ്ങളുമായുള്ള പങ്കാളിത്തത്തിന്റെ അടിസ്ഥാനം എഷ്യയിലെ സമാധാനവും സ്ഥിരതയും സമൃദ്ധിയുമാണ്. ആഗോള അസ്ഥിരതയുടെ ഈ കാലഘട്ടത്തിലും തന്ത്രപരമായ പങ്കാളിത്തം വികസിക്കുന്നു. വ്യാപാരം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, സമുദ്ര സുരക്ഷ തുടങ്ങിയ മേഖലകളിലാണിത്. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ മുഖ്യതൂണാണ് ആസിയാൻ. ദുരന്തങ്ങളുണ്ടാകുമ്പോൾ ആസിയാൻ പങ്കാളികളുമായി ഇന്ത്യ എപ്പോഴും തോളോടു തോൾ ചേർന്നുനിന്നിട്ടുണ്ടെന്നും മോദി വ്യക്തമാക്കി.
2026 സമുദ്ര
സഹകരണ വർഷം
2026നെ 'ആസിയാൻ -ഇന്ത്യ സമുദ്ര സഹകരണ വർഷമായി" മോദി പ്രഖ്യാപിച്ചു. സമുദ്ര സുരക്ഷ, ദുരന്ത നിവാരണം, ബ്ലൂ ഇക്കോണമി എന്നീ മേഖലകളിൽ സഹകരണം അതിവേഗം വളരുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. ഏഷ്യയിലെ സ്ഥിരത ഉറപ്പാക്കാൻ ഇന്തോ-പസഫിക് മേഖലയിലെ സഹകരണം പരമപ്രധാനമാണെന്നും ചൂണ്ടിക്കാട്ടി. വിജയകരമായി 47-ാമത് ആസിയാൻ ഉച്ചകോടി സംഘടിപ്പിച്ചതിന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ മോദി അഭിനന്ദിച്ചു. ആസിയാനിലെ 11-ാമത്തെ അംഗമായി ടിമോർ-ലെസ്‌തെ രാജ്യത്തെ മോദി സ്വാഗതം ചെയ്തു. തായ്‌ലൻഡ് രാജ്ഞി സിരികിതിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
ജയശങ്കർ ഇന്ന് സംസാരിക്കും
ഉച്ചകോടിയോട് അനുബന്ധിച്ച് ഇന്ന് നടക്കുന്ന ഈസ്റ്റ് ഏഷ്യാ സമ്മിറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി ഡോഎസ്. ജയശങ്കർ പങ്കെടുക്കും. പ്രാദേശിക സമാധാനത്തിനും, സമൃദ്ധിക്കുമെതിരെയുള്ള വെല്ലുവിളികൾ ചർച്ച ചെയ്യും.