ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു

Monday 27 October 2025 1:04 AM IST

ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. ദീപാവലിക്കു ശേഷം ഗുരുതരാവസ്ഥയിലെത്തിയ വായു ഗുണനിലവാര സൂചിക കഴിഞ്ഞ ദിവസം അൽപം മെച്ചപ്പെട്ടിരുന്നു. എന്നാൽ ഇന്നലെ വീണ്ടും മലിനീകരണ തോത് കൂടി. ശരാശി 323 ആണ് ഇന്നലെ രേഖപ്പെടുത്തിയ എ.ക്യു.ഐ. നോയിഡയിലും ഗാസിയാബാദിലും എ.ക്യു.ഐ വളരെ മോശം നിലയിലെത്തി. ചിലയിടങ്ങളിൽ എ.ക്യു.ഐ 400ന് മുകളിലാണ്. വരും ദിവസങ്ങളിലും മലിനീകരണം രൂക്ഷമായി തുടരുമെന്നാണ് സെൻട്രൽ പോല്യൂഷൻ കൺട്രോൾ ബോർഡിന്റെ മുന്നറിയിപ്പ്. വായു മലിനീകരണം കുറയ്ക്കുന്നതിനായി ഈ മാസം 29ന് ക്ലൗഡ് സീഡിംഗ് നടത്തി കൃത്രിമ മഴ പെയ്യിക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ അറിയിച്ചിരുന്നു ഈ മാസം 28-നും 30നും ഇടയിൽ ക്ലൗഡ് സീഡിംഗ് നടത്താൻ അനുകൂലമായ കാലാവസ്ഥയായിരിക്കും ഡൽഹിയിൽ എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. ക്ലൗഡ് സീഡിംഗിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി മന്ത്രി അറിയിച്ചു.