ജെ.ഡി.യുവിൽ കലഹം രൂക്ഷം; 16 വിമതരെ പാർട്ടിയിൽ നിന്ന് പുറത്താക്കി
ന്യൂഡൽഹി: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യു പാർട്ടിയിൽ ആഭ്യന്തരകലഹം രൂക്ഷം. വിമത പ്രവർത്തനങ്ങൾ നടത്തിയ എം.എൽ.എ, രണ്ട് മുൻമന്ത്രിമാർ എന്നിവരടക്കം 16 പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സീറ്റു കിട്ടാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തിയ ഗോപാൽപൂരിലെ എം.എൽ.എ ഗോപാൽ മണ്ഡൽ എന്ന നരേന്ദ്ര നീരജാണ് പുറത്തായവരിലൊരാൾ. എൻ.ഡി.എയുടെ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിക്കുന്ന മുൻമന്ത്രിമാരായ ഹിംരാജ് സിംഗ്, ശൈലേഷ് കുമാർ എന്നിവരെയും ശ്യാം ബഹാദൂർ സിംഗ്, സുദർശൻ കുമാർ തുടങ്ങിയ മുൻ എം.എൽ.എമാരെയും പുറത്താക്കി. പല മണ്ഡലങ്ങളിലും വിമത ശല്യം രൂക്ഷമാണ്. ഇത് വിജയസാദ്ധ്യതയ്‌ക്ക് മങ്ങലേൽപ്പിക്കുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
പ്രചാരണത്തിന്
മോദിയും രാഹുലും
ബീഹാറിൽ ഛഠ്പൂജ ഉത്സവമാണ്. നാലുദിവസത്തെ ഉത്സവം നാളെ അവസാനിക്കും. ഇതിനുപിന്നാലെ എൻ.ഡി.എയിലെയും മഹാസഖ്യത്തിലെയും പല ദേശീയ നേതാക്കളും പ്രചാരണത്തിൽ വീണ്ടും സജീവമാകും. 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടുമെത്തും. മോത്തിപൂർ, മുസാഫർപൂർ, ഛാപ്ര എന്നിവിടങ്ങളിലെ പൊതുറാലിയിൽ സംസാരിക്കും. പ്രചാരണം ഊർജ്ജിതമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസും. 29നും 30നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസ്ഥാനത്തെത്തും. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയവരും രംഗത്തിറങ്ങും. വോട്ടെടുപ്പിന് മുൻപുള്ള 48 മണിക്കൂർ സമയത്ത് എക്‌സിറ്റ് പോളുകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കി. നവംബർ 6, 11 തീയതികളിലാണ് വോട്ടെടുപ്പ്. 14ന് വോട്ടെണ്ണും.
താരപ്രചാരകരെ പ്രഖ്യാപിച്ച് കോൺ.
ബീഹാറിൽ പ്രചാരണത്തിനുള്ള താരപ്രചാരകരെ പ്രഖ്യാപിച്ച് കോൺഗ്രസ്. 40 നേതാക്കളുടെ പട്ടികയിൽ രാഹുൽ ഗാന്ധി, മല്ലികാർജ്ജുൻ ഖാർഗെ, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയവരുണ്ട്. അധിർ രഞ്ജൻ ചൗധരി, സച്ചിൻ പൈലറ്റ്, ഗൗരവ് ഗൊഗോയ്, കനയ്യ കുമാർ, രൺദീപ് സിംഗ് സുർജെവാല എന്നിവരും പട്ടികയിലുണ്ട്.