മഹാബലിപുരത്ത് 50 മുറികൾ, കരൂരിൽ മരിച്ചവരുടെ ബന്ധുക്കളെ വിജയ് ഇന്ന് കാണും
ചെന്നൈ: ടി.വി.കെ അദ്ധ്യക്ഷനും സൂപ്പർതാരവുമായ വിജയ് കരൂർ ദുരന്തത്തിലെ ഇരകളുടെ ബന്ധുക്കളെ ഇന്ന് നേരിൽ കാണും. മഹാബലിപുരത്ത് ഒരു സ്വകാര്യ ഹോട്ടലിൽ വച്ചാണ് കാണുക. ഇവിടെ അമ്പത് മുറികൾ ഇവർക്കായി ഒരുക്കിയിട്ടുണ്ട്.
ബന്ധുക്കളെ ടി.വി.കെ നേതാക്കളുടെ നേതൃത്വത്തിൽ സ്വകാര്യ വാഹനങ്ങളിൽ ഇവിടെത്തിക്കും. ഇന്നത്തെ പരിപാടിയോടെ ദുരന്തത്തിന്റെ ക്ഷീണം മാറ്റാനാണ് ടി.വി.കെയുടെ ലക്ഷ്യം. രാവിലെ ഏഴരയോടെ യോഗം ആരംഭിക്കുമെന്നാണ് വിവരം. ഓരോ കുടുംബത്തെയും വിജയ് നേരിൽ കണ്ട് സംസാരിക്കുമെന്നാണ് പാർട്ടി നേതൃത്വം അറിയിക്കുന്നത്. നേരത്തെ തന്നെ വിജയ് കരൂരിലെ കുടുംബങ്ങളെ കാണാൻ നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറിയിരുന്നു.
ദീപാവലിക്ക് മുൻപ് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ആശ്വാസ ധനസഹായമായി 20 ലക്ഷം വീതം ടി.വി.കെ നൽകിയിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം 41 പേരാണ് കരൂർ ദുരന്തത്തിൽ മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
കരൂർ ദുരന്തത്തിന് ശേഷം ടിവികെയുടെ തമിഴ്നാട്ടിലെ ജില്ലാ തല റാലി നിർത്തിവച്ചിരിക്കുകയാണ്. 2026 നിയമസഭാ തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കുന്ന പാർട്ടി പരമാവധി ജനപിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലായിരുന്നു. കരൂർ ദുരന്തത്തിന് കാരണക്കാർ പൊലീസാണെന്നും തങ്ങളല്ലെന്നുമാണ് ടി.വി.കെ ഇപ്പോഴും വാദിക്കുന്നത്.