പാട്നയിലെ മൂന്ന് ഏക്കറും പ്രചാരണവിഷയം
ന്യൂഡൽഹി: പാട്നയിലെ കണ്ണായ സ്ഥലത്തെ മൂന്നേക്കറും ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ ചൂടേറിയ പ്രചാരണവിഷയമാണ്. ആർ.ജെ.ഡി നേതാവും ബീഹാർ മുൻമുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവും ഭാര്യ റാബ്റി ദേവിയും മകൻ തേജസ്വി യാദവും പ്രതികളായ ഐ.ആർ.സി.ടി.സി അഴിമതിക്കേസിലെ പ്രധാന തെളിവാണ് ഈ ഭൂമി. ബെയ്‌ലി റോഡിലെ ഭൂമിക്ക് 300 കോടി വിലമതിക്കുമെന്നാണ് ബി.ജെ.പി ആരോപണം. ലാലുവിന്റെ കാലത്തെ അഴിമതികൾ വോട്ടർമാരെ ഓർമ്മിപ്പിക്കാൻ അവിടെ പ്രതിഷേധ ധർണകൾ സംഘടിപ്പിക്കുന്നു. അഴിമതിയുടെ നിഴൽ ബീഹാറിനെ തൊടാൻ ഇനി അനുവദിക്കില്ലെന്ന മുദ്രാവാക്യമാണ് എൻ.ഡി.എ ഈ ഭൂമി ചൂണ്ടിക്കാട്ടി ഉയർത്തുന്നത്.
ഇ.ഡി കണ്ടുകെട്ടി
ഭൂമി എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടിയിരിക്കുകയാണ്. പ്രവേശനം വിലക്കി ഇ.ഡിയുടെ ബോർഡും സ്ഥാപിച്ചിരിക്കുന്നു. കാടുപിടിച്ചും ചെറിയ കുളം രൂപപ്പെട്ടും ഭൂമി അനാഥാവസ്ഥയിലാണ്. ലാലുപ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന 2004-09 കാലയളവിൽ റെയിൽവേ കരാറിന് പ്രത്യുപകാരമായി വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടി അഴിമതി നടത്തിയെന്നാണ് കേസ്. സുജാത ഹോട്ടൽസ് എന്ന കമ്പനിക്ക് നിയമവിരുദ്ധ മാർഗങ്ങളിലൂടെ കരാർ നൽകിയതിനു പകരമായി പാട്നയിലെ ഈഭൂമി കൈമാറിയെന്നാണ് ആരോപണം.
വിചാരണ തുടങ്ങാനിരിക്കേ
13ന് ഡൽഹി റൗസ് അവന്യു കോടതി ലാലുവും തേജസ്വിയും അടക്കം പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചിരുന്നു. അവർ കുറ്റം നിഷേധിച്ചു. ഇനി വിചാരണ നടപടികളാണ്. അഴിമതി, ക്രിമിനൽ ഗൂഢാലോചന, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇ.ഡിക്ക് പുറമെ സി.ബി.ഐയും കുറ്രപത്രം സമർപ്പിച്ചിരുന്നു.