അഞ്ച് പാകിസ്ഥാൻ സൈനികരെയും 25 ഭീകരരെയും വധിച്ച് താലിബാൻ, സംഭവം അഫ്‌ഗാൻ-പാക് സമാധാന ചർച്ചക്കിടെ
ഇസ്ളാമാബാദ്: സമാധാന ശ്രമങ്ങൾ നടക്കുന്നതിനിടെ വീണ്ടും പാക്-അഫ്‌ഗാൻ ഏറ്റുമുട്ടൽ. അതിർത്തിയിൽ നടന്ന പോരാട്ടത്തിൽ അഞ്ച് സൈനികർക്ക് ജീവൻ നഷ്‌ടമായെന്ന് പാകിസ്ഥാൻ സ്ഥിരീകരിച്ചു. 25 ഭീകരർക്കും മരണം സംഭവിച്ചു. തങ്ങളുടെ അതിർത്തിയോട് ചേർന്ന കുറം ജില്ലയിലും വടക്കേ വസീറിസ്ഥാൻ ജില്ലയിലും താലിബാൻ ഭീകരർ കടന്നുകയറാൻ ശ്രമിച്ചെന്നും തടുക്കുന്നതിനിടെയാണ് സൈനികർക്കടക്കം ജീവൻ നഷ്‌ടമായത് എന്നുമാണ് പാകിസ്ഥാൻ അറിയിക്കുന്നത്.
തുർക്കിയിലെ ഇസ്‌താംബൂളിൽ ഇരുരാജ്യങ്ങളും തമ്മിൽ സമാധാന ചർച്ച നടന്നതിന് പിന്നാലെയാണ് ആക്രമണം. 'സ്വന്തം മണ്ണിൽ നിന്നും ഉയർന്നുവരുന്ന ഭീകരത'യെ ചോദ്യം ചെയ്യുന്നതാണ് താലിബാൻ നടത്തുന്ന കടന്നുകയറ്റമെന്ന് പാകിസ്ഥാൻ സൈന്യം വ്യക്തമാക്കി. എന്നാൽ തങ്ങൾ പാകിസ്ഥാനുമായി വീണ്ടും ഏറ്റുമുട്ടിയെന്ന് താലിബാൻ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും പാകിസ്ഥാൻ നിരന്തരം വ്യോമാക്രമണങ്ങളിലൂടെ അഫ്‌ഗാന്റെ പരമാധികാരത്തിന് ഭീഷണിയുയർത്തുന്നെന്ന് താലിബാൻ ആരോപിച്ചു.
ഈ മാസം ആദ്യം മുതൽ ഇരുരാജ്യങ്ങളും നേർക്കുനേർ നടത്തിയ ആക്രമണത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇതോടെ ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളിടപെട്ട് ഇരുരാജ്യങ്ങളും തമ്മിൽ സമാധാന ചർച്ചകൾക്ക് ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളിലെയും ഭരണാധികാരികൾ ഇസ്‌താംബൂളിൽ ശനിയാഴ്‌ച എത്തി ചർച്ച നടത്തിയിരുന്നു. ഇസ്‌താംബൂളിലെ ചർച്ചയിലെ തീരുമാനം തകർന്നാൽ അഫ്‌ഗാനുമായി പൂർണമായ യുദ്ധത്തിലേക്ക് പോകുമെന്നാണ് പാക് പ്രതിരോധ മന്ത്രി ക്വാജ ആസിഫ് മുന്നറിയിപ്പ് നൽകിയത്.