വീട് വൃത്തിയാക്കിയില്ല, ഭർത്താവിനെ കുത്തിപ്പരിക്കേൽപ്പിച്ച് അദ്ധ്യാപിക

Monday 27 October 2025 7:33 AM IST

വാഷിംഗ്ടൺ: യു.എസിലെ നോർത്ത് കാരലൈനയിൽ വീട് വൃത്തിയാക്കാത്തതിന് ഭർത്താവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച ഇന്ത്യൻ വംശജ അറസ്റ്റിൽ. നഴ്സറി അദ്ധ്യാപികയായ ചന്ദ്രപ്രഭ സിംഗ് (44) ആണ് അറസ്​റ്റിലായത്. ഒക്ടോബർ 12നായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. തന്നെ ബോധപൂർവം കഴുത്തിൽ കുത്തിയെന്ന് ചികിത്സയിൽ തുടരുന്ന ചന്ദ്രപ്രഭയുടെ ഭർത്താവ് അരവിന്ദ് സിംഗ് പൊലീസിന് മൊഴി നൽകി. ആരോപണം നിഷേധിച്ച ചന്ദ്രപ്രഭ, വാക്കുതർക്കത്തിനിടെ കൈയിലുണ്ടായിരുന്ന കത്തി അബദ്ധത്തിൽ കഴുത്തിൽ കൊണ്ടതാണെന്ന് പറയുന്നു. ചന്ദ്രപ്രഭയെ ഉപാധികളോടെ ജാമ്യത്തിൽവിട്ടു. ജോലിയിൽ നിന്ന് സസ്‌പെൻഡും ചെയ്തു. അരവിന്ദിന്റെ നില തൃപ്തികരമാണ്.