നേപ്പാളിൽ പോകാൻ ഇനിയെന്തെളുപ്പം; നേപ്പാൾ അതിർത്തിയുമായി ബന്ധപ്പെടുത്തി പുത്തൻ വന്ദേഭാരത്

Monday 27 October 2025 10:11 AM IST

പാട്ന:ബീഹാർ‌ തലസ്ഥാനമായ പാട്നയേയും നേപ്പാൾ അതിർത്തിയുമായി ബന്ധിപ്പിച്ചു കൊണ്ട് പുതിയ വന്ദേഭാരത് സർവ്വീസ് ആരംഭിച്ചു. നേപ്പാൾ അതിർത്തിയിലെ പ്രധാന നഗരമായ ജോഗ്ബാനിയിലാണ് ട്രെയിൻ അവസാനിക്കുന്നത്. ഇവിടെ നിന്ന് യാത്രക്കാർക്ക് റോഡ് മാർ‌ഗം എളുപ്പത്തിൽ നേപ്പാളിലേക്ക് പ്രവേശിക്കാൻ കഴിയും. പാട്നയിൽ നിന്നും അടുത്തള്ള മറ്റു നഗരങ്ങളിൽ നിന്നുമൊക്കെയുള്ള യാത്രക്കാർക്ക് നേപ്പാളിലേക്ക് നേരിട്ടുള്ള സ‌ർവീസാണ് ഇതിലൂടെ ഒരുക്കുന്നത്.

ദാനാപൂരിനും ജോഗ്ബാനിക്കും ഇടയിൽ ഏകദേശം എട്ട് മണിക്കൂർ കൊണ്ട് 450 കിലോമീറ്റ‌ർ ദൂരം സഞ്ചരിച്ചാണ് ട്രെയിൻ നേപ്പാൾ അതിർത്തിയിൽ എത്തുന്നത്. ഹാജിപൂർ, മുസാഫർപൂർ, സമസ്തിപൂർ, സഹർസ, പൂർണിയ, അരാരിയ കോർട്ട്, ഫോർബ്‌സ്ഗഞ്ച് എന്നിവയുൾപ്പെടെയുള്ള പ്രധാന സ്റ്റേഷനുകളിൽ ഇത് സ്റ്റോപ്പുണ്ട്. ഈ വർഷം സെപ്തംബർ 15നാണ് സ‌ർവ്വീസ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യ-നേപ്പാൾ അതിർത്തിയോട് ഏറ്റവും അടുത്ത് സർവീസ് നടത്തുന്ന ആദ്യ വന്ദേഭാരത് എക്സ്പ്രസാണിത് എന്ന പ്രത്യേകതയുണ്ട്.

ട്രെയിനിൽ എട്ട് കോച്ചുകളാണുള്ളത് അതിൽ ഏഴ് എണ്ണം എ സി ചെയർ കാർ കോച്ചുകളും ഒരെണ്ണം എക്സിക്യൂട്ടീവ് ചെയർ കാർ കോച്ചുകളുമാണ്. മറ്റ് വന്ദേ ഭാരത് ട്രെയിനുകളിലേതുപോലെ ഓൺലൈനായും റെയിൽവേ കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ചൊവാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും സ‌‌ർവീസ് നടത്തും.