ഭൂമിക്കടുത്ത് മറ്റൊരു ചന്ദ്രൻ കൂടി,​ 'ക്വാസി മൂൺ' ഭീഷണിയാകുമോ?​ 2083ൽ സംഭവിക്കാൻ പോകുന്നത്

Monday 27 October 2025 10:43 AM IST

ഇത്താക്ക (ന്യൂയോർക്ക്) : വരുന്ന വർഷങ്ങളിൽ ഭൂമിയിൽ ചില മാ​റ്റങ്ങൾ സംഭവിക്കുമെന്ന് ഗവേഷകർ. അടുത്തിടെ കണ്ടെത്തിയ ഛിന്നഗ്രഹമായ '2025 പിഎൻ7' ഭൂമിക്കടുത്തായി സ്ഥിതി ചെയ്യുന്ന 'ക്വാസി മൂൺ' അല്ലെങ്കിൽ വ്യാജ ചന്ദ്രനായി മാറുമെന്നാണ് നിരീക്ഷണം. ഇത് 2083വരെ ഭൂമിയെ ചു​റ്റുമെന്നും പറയുന്നു. കഴിഞ്ഞ മാസം ഐഒപി സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്.

ഇത്താക്കയിലെ കോർണൽ സർവകലാശാലയിലെ ഗവേഷകനും പ്രൊഫസറുമായ ഫിൽ നിക്കോൾസൺ ക്വാസി മൂണുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ക്വാസി മൂൺ യഥാർത്ഥ ചന്ദ്രനെപോലെയല്ലെന്നും ഭൂമിയെ വലംവയ്ക്കുന്നില്ലെന്നും അത്തരത്തിൽ തോന്നുന്നതുമാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇവ സാധാരണ ഛിന്നഗ്രഹങ്ങളെപ്പോലെ സൂര്യനെ വലംവയ്ക്കുന്നുണ്ടെന്നും അതിനാൽതന്നെ ഭൂമിയുടെ ഭ്രമണപഥവുമായി സാമ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്വാസി മൂൺ പതി​റ്റാണ്ടുകളോളം ഭൂമിയിൽ നിലനിൽക്കുമെന്നും നിക്കോൾസൺ പറയുന്നു.

നമ്മുടെ കാഴ്ചപ്പാടിൽ ഇവ ഭൂമിയെ ചു​റ്റുന്നതുപോലെ തോന്നുന്നതിനാലാണ് ഈ ഛിന്നഗ്രഹത്തെ ക്വാസി മൂണെന്ന് വിളിക്കുന്നതെന്ന് കോർണൽ സർവകലാശാലയിലെ സ്‌പേസ്‌ക്രാഫ്​റ്റ് പ്ലാന​റ്ററി ഇമേജ് ഫെസിലി​റ്റി മാനേജർ സോ പോണ്ടെറിയോ പറഞ്ഞു. ഇവയുടെ ഭ്രമണപഥം ഓവൽ ആകൃതിയിലായതുകൊണ്ടാണ് ചിലപ്പോൾ സൂര്യനടുത്തും ഭൂമിയിൽ നിന്ന് അകലെയുമാണെന്ന് തോന്നുന്നത്. സൂര്യനോട് അടുക്കുമ്പോൾ അത് ഭൂമിയേക്കാൾ വേഗത്തിൽ നീങ്ങുന്നു. കൂടുതൽ അകലെയാകുമ്പോൾ വേഗത കുറയുന്നു. അതുകൊണ്ടാണ് അത് ഭൂമിയെ ചു​റ്റുന്നതായി നമുക്ക് തോന്നുന്നത്. ക്വാസി മൂൺ ഭൂമിക്ക് ഭീഷണിയായി മാറില്ലെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഇവ ഭൂമിയിലേക്ക് വന്നിടിക്കാനുളള സാദ്ധ്യതയുമില്ല.

2024ൽ ഈ ഛിന്നഗ്രഹം ഭൂമിയുടെ ഭ്രമണപഥത്തിൽ ഏകദേശം രണ്ടുമാസം തുടർന്നിരുന്നു. അതിനെ മിനി മൂണെന്ന് വിളിച്ചിരുന്നു. ഓഗസ്​റ്റ് 29ന് ഹവായിയിലെ ഹാലിയകല ഒബ്സർവേ​റ്ററിയിലെ പാൻ സ്​റ്റാർഡ് ദൂരദർശിനിയിൽ എടുത്ത ചിത്രങ്ങളാണ് ക്വാസി മൂണിനെ ആദ്യമായി തിരിച്ചറിഞ്ഞത്. ലഭിച്ച വിവരമനുസരിച്ച് ക്വാസി മൂൺ ഏകദേശം ആറ് പതി​റ്റാണ്ടുകളായി ഭൂമിയുടെ ഭ്രമണപഥവുമായി വലംവയ്ക്കുന്നുണ്ടെന്നാണ്.