ഇത്തരം വസ്‌ത്രങ്ങൾ ധരിച്ച് പ്രാർത്ഥിക്കരുത്; ക്ഷേത്രത്തിൽ സ്‌ത്രീകളും പുരുഷന്മാരും ആവർത്തിക്കുന്ന തെറ്റ്, അറിഞ്ഞിരിക്കൂ

Monday 27 October 2025 11:37 AM IST

ക്ഷേത്രദർശനം നടത്തുമ്പോൾ പാലിക്കേണ്ട ചില ആചാരങ്ങളുണ്ട്. പണ്ടുകാലത്തുള്ളവർ ഇതെല്ലാം കൃത്യമായി പാലിച്ചിരുന്നു. എന്നാൽ, ഇപ്പോഴത്തെ തലമുറയ്‌ക്ക് ഇതേപ്പറ്റി കൃത്യമായ ധാരണയില്ല. ക്ഷേത്രദർശനം നടത്തുന്നതിന്റെ പൂർണഫലം നിങ്ങൾക്ക് ലഭിക്കണമെങ്കിൽ വസ്‌ത്രധാരണത്തിലും ക്ഷേത്രത്തിൽ പ്രവേശിക്കുന്ന രീതിയിലും കൃത്യത പാലിക്കണം. ഇങ്ങനെ പ്രാർത്ഥന സഫലമാകണമെങ്കിൽ സ്‌ത്രീകളും പുരുഷന്മാരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാം.

ക്ഷേത്രദ‌ർശനം നടത്തുമ്പോൾ സ്‌ത്രീകൾ പൂർണ വസ്‌ത്ര ധാരിണികളായിരിക്കണം എന്നാണ് ആചാരം. കാരണം ക്ഷേത്രദർശന സമയത്ത് മനസും ശരീരവും പൂർണമായും ഭഗവാനിൽ അർപ്പിക്കണം. ഇതിന് ഏകാഗ്രത ആവശ്യമാണ്. മാത്രമല്ല, ഭഗവാൻ ശിവൻ തപസ് ചെയ്യുന്നതിനിടെ അത് മുടക്കാൻ ദേവന്മാർ പൂർണ വസ്‌ത്രം ധരിക്കാത്ത അപ്‌സരസുകളെ അവിടേക്കയച്ചു. ഇതിൽ ക്ഷുഭിതനായ ശിവൻ തന്റെ തൃക്കണ്ണ് തുറന്ന് കാമദേവനെ ഭസ്‌മമാക്കി എന്നൊരു വിശ്വാസമുണ്ട്. ഇക്കാരണത്താലാണ് ക്ഷേത്രദ‌ർശനം നടത്തുമ്പോൾ സ്‌ത്രീകൾ പൂർണ വസ്‌ത്ര ധാരിണികളായിരിക്കണം എന്ന് പറയുന്നത്. സ്‌ത്രീകൾ ഒരിക്കലും ക്ഷേത്രദർശനം നടത്തുമ്പോൾ മുഖവും ശിരസും മറയ്‌ക്കാനും പാടില്ല.

പുരുഷന്മാരുടെ വസ്‌ത്രധാരണത്തിലും ചിലത് ശ്രദ്ധിക്കേണ്ടതുണ്ട്. പുരുഷന്മാർ ഒരിക്കലും മാറുമറച്ച് ശിവക്ഷേത്രങ്ങളിൽ ദർശനം നടത്താൻ പാടില്ല. കടും നിറത്തിലുള്ള വസ്‌ത്രങ്ങളും ക്ഷേത്രദർശനം നടത്തുമ്പോൾ ധരിക്കാൻ പാടില്ല. ബ്രഹ്മ മുഹൂർത്തത്തിൽ ഈറനുടുത്ത് ക്ഷേത്രദർശനം നടത്തുന്നത് ഏറെനല്ലതാണെന്നാണ് വിശ്വാസം. ജലാംശം ശരീരത്തിലുണ്ടെങ്കിൽ ക്ഷേത്ര അന്തരീക്ഷത്തിലെ ദേവചൈതന്യം കൂടുതൽ പ്രാണസ്വരൂപമായി ഭക്തന്റെ ശരീരത്തിൽ കുടിയേറുമെന്നും വിശ്വാസമുണ്ട്.