തെരുവുനായ പ്രശ്നം; മുഴുവൻ ചീഫ് സെക്രട്ടറിമാരും ഉടൻ ഹാജരാകണം, അസാധാരണ നീക്കവുമായി സുപ്രീം കോടതി
ന്യൂഡൽഹി: തെരുവ് നായ പ്രശ്നത്തിൽ അസാധാരണ നീക്കവുമായി സുപ്രീം കോടതി. പശ്ചിമ ബംഗാൾ, തെലങ്കാന ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർ നവംബർ മൂന്നിന് നേരിട്ട് ഹാജരാകണമെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. 'സിറ്റി ഹൗണ്ടസ് ബൈ സ്ട്രെയ്സ്, 'കിഡ്സ് പേ ദി പ്രൈസ്' എന്ന പേരിൽ നേരത്തെ നേരിട്ട് സുപ്രീം കോടതി കേസെടുത്തിരുന്നു. ഡൽഹിയിലെ തെരുവ് നായ പ്രശ്നവുമായി ബന്ധപ്പെട്ട് കോടതി നൽകിയ ഉത്തരവ് വലിയ പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു. മൃഗസ്നേഹികളുടെ സംഘടന അടക്കം പ്രതിഷേധം ഉയർത്തിയ സാഹചര്യത്തിൽ പിന്നീട് കേസ് വീണ്ടും പരിഗണിച്ച കോടതി തെരുവ് നായ്ക്കളെ പിടിക്കുന്നത് സംബന്ധിച്ചുള്ള ഉത്തരവിൽ ചില മാറ്റങ്ങൾ വരുത്തുകയും ചെയ്തിരുന്നു.
അതേസമയം, തെരുവ് നായ ആക്രമണങ്ങൾ തുടർച്ചയായി ഉണ്ടാകുന്നത് വിദേശ രാജ്യങ്ങളുടെ മുന്നിൽ രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കുന്നുവെന്ന് ജസ്റ്റിസ് നാഥ് നിരീക്ഷിച്ചു. പശ്ചിമബംഗാൾ, തെലങ്കാന, ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ എന്നിവർ മാത്രമാണ് സത്യവാങ്മൂലം സമർപ്പിച്ചതെന്നും അതും റെക്കാർഡിൽ വന്നിട്ടില്ലെന്നും ബെഞ്ച് ചൂണ്ടികാണിച്ചു. വീഴ്ച വരുത്തിയ മറ്റ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർ അടുത്ത തിങ്കളാഴ്ച കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് കോടതിയുടെ ഉത്തരവ്. ഇത് പാലിക്കാത്ത പക്ഷം പിഴയും മറ്റ് നടപടികളും നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.
എബിസി (ആനിമൽ ബർത്ത് കൺട്രോൾ) നിയമങ്ങൾ പ്രകാരം നടപടിയെടുത്തതിനെക്കുറിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ ഓഗസ്റ്റ് 22-ന് കോടതി എല്ലാ സംസ്ഥാനങ്ങൾക്കും യു.ടി.കൾക്കും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ നിയമം പാലിച്ചില്ലെന്ന് മാത്രമല്ല, കോടതിയിൽ അവരുടെ പ്രതിനിധികൾ പോലും ഹാജരായില്ലെന്ന് കോടതി കണ്ടെത്തുകയുമായിരുന്നു. ഇതിനെ തുടർന്നാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ജൂലായ് 28-ന് സ്വമേധയാ കേസെടുക്കുകയായിരുന്നു.
നേരത്തെ, വാക്സിനേഷൻ നൽകിയ നായകളെ തിരികെ വിടുന്നത് കടുപ്പമേറിയ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 11-ലെ ഉത്തരവ് ഓഗസ്റ്റ് 22-ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. വന്ധ്യംകരണം, വാക്സിനേഷൻ എന്നിവയ്ക്ക് ശേഷം നായകളെ അതേ സ്ഥലത്തേക്ക് തന്നെ തിരികെ വിടണം. പേവിഷബാധയുള്ളവ, രോഗം സംശയിക്കുന്നവ, ആക്രമണ സ്വഭാവമുള്ളവ എന്നിവയെ മാത്രമെ ഒഴിവാക്കാൻ പാടുള്ളൂ എന്നും കോടതി ഉത്തരവിൽ പരാമർശിച്ചിരുന്നു. തെരുവ് നായകൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകുന്നത് നിരോധിച്ച കോടതി ഇതിനായി പ്രത്യേക സ്ഥലം കണ്ടെത്താൻ നിർദ്ദേശിച്ചിരുന്നു.