'ഇപ്പോഴും പലർക്കും മുകേഷിനെ അറിയില്ല, സ്വന്തം അനുഭവങ്ങളിൽ അയാൾ വെള്ളം ചേർക്കാറുണ്ട്';വെളിപ്പെടുത്തി ജഗദീഷ്
മലയാള സിനിമയിൽ നായകവേഷങ്ങളും ഹാസ്യവേഷങ്ങളും പ്രതിനായകവേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന മുതിർന്ന നടനാണ് ജഗദീഷ്. അദ്ദേഹം ചെയ്ത പല വേഷങ്ങളും ഇപ്പോഴും മലയാളികൾക്ക് സുപരിചിതമാണ്. അഭിനയത്തോടൊപ്പം കുടുംബജീവിതത്തിനും ഒരുപോലെ പ്രധാന്യം നൽകാനും അദ്ദേഹം മറന്നിട്ടില്ല. അന്തരിച്ച ഭാര്യ ഡോക്ടർ രമയെക്കുറിച്ച് ജഗദീഷ് പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. ഇപ്പോഴിതാ അദ്ദേഹം തന്റെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയ നടൻമാരെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
'ഞാനും നടൻ മുകേഷുമായുളള സൗഹൃദം വർഷങ്ങളായുളളതാണ്. നിങ്ങളാരും കരുതുന്നപോലൊരു നടനല്ല മുകേഷ്. നല്ല ബുദ്ധിയുളളയാളാണ്. ആർക്കുംപിടികൊടുക്കാത്ത സ്വഭാവമാണ്. സിനിമയിലുളള അദ്ദേഹത്തിന്റെ കഥാപാത്രവും യഥാർത്ഥ സ്വഭാവവും തമ്മിൽ നല്ല വ്യത്യാസമുണ്ട്. അതുവലിയ കുഴപ്പമാണ്. ഞാനും മുകേഷും തമ്മിൽ വലിയ ബന്ധമാണുളളത്. ഞങ്ങൾ സീൻ കൊഴുപ്പിക്കാൻ വേണ്ടി പലതും ചെയ്തിരുന്നു. മുകേഷും നന്നായി തമാശകൾ പറയാറുണ്ട്. പക്ഷെ സ്വന്തം അനുഭവങ്ങളിൽ വെളളം ചേർത്താണ് മുകേഷ് തമാശകൾ പറയാറുളളത്. ബഡായി ഉണ്ട്. ഇപ്പോഴും പലർക്കും മുകേഷിനെ അറിയില്ല.
എന്റെ അഭിനയം മെച്ചപ്പെടുത്താൻ സഹായിച്ചതിൽ ഒരുപാട് ആളുകളുണ്ട്. നടൻ ശ്രീനിവാസൻ നിലവാരമില്ലാത്ത തമാശകളൊന്നും പറയാറില്ല. എന്റെ വ്യക്തിപരമായ കാര്യങ്ങൾ കൂടുതലും ചോദിക്കുന്നത് മോഹൻലാലാണ്. പക്ഷെ മമ്മൂട്ടി സിനിമാപരമായ കാര്യങ്ങൾ മാത്രമേ എന്നോട് ചോദിക്കാറുളളൂ. അതാണ് അവർ തമ്മിലുളള വ്യത്യാസം. അവാർഡൊക്കെ വാങ്ങണ്ടേയെന്നാണ് മമ്മൂക്ക എപ്പോഴും ചോദിക്കുന്നത്. എല്ലാ ഭാഷയിലെ സിനിമയെക്കുറിച്ചും അദ്ദേഹത്തിന് നല്ല അറിവുണ്ട്.
തമാശവേഷങ്ങൾ ഒരുപാട് ചെയ്തിട്ടുണ്ട്. എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന സിനിമയാണ് ഇൻ ഹരിഹർ നഗർ. സിനിമയിൽ മുകേഷിനെയും സിദ്ദിഖിനേയും അശോകനെയുംകാൾ കോമഡിയിൽ കൂടുതൽ അഭിനന്ദനം എനിക്കാണ് ലഭിച്ചത്. സിനിമയുടെ സംവിധായകർക്കും എന്നിൽ വിശ്വാസമുണ്ടായിരുന്നു. എന്റെ പരിമിതിയും ഗുണങ്ങളും അവർക്കറിയായിരുന്നു'- ജഗദീഷ് പറഞ്ഞു.