മോൻതാ  ചുഴലിക്കാറ്റ്   അതിതീവ്ര  ചുഴലിക്കാറ്റായി  ഉടൻ കരതൊടും; മുന്നൊരുക്കങ്ങൾ ശക്തമാക്കി സർക്കാർ

Monday 27 October 2025 12:52 PM IST

ബംഗളൂരു: മോൻതാ ചുഴലിക്കാറ്റ് നാളെ രാവിലെ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കരതൊടുന്നതിന് മുന്നോടിയായി മുന്നൊരുക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ് ആന്ധ്രാ സർക്കാർ. മച്ചിലിപ്പട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിലായാണ് ചുഴലിക്കാറ്റ് കരതൊടുന്നത്.

ആന്ധ്രയിലെ 23 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ശ്രീകാകുളം ജില്ലയിൽ അതീവ ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. പ്രകാശം, നെല്ലൂ‌ർ, വെസ്റ്റ് ഗോദാവരി, കാക്കിനട ഉൾപ്പെടെ ഏഴ് ജില്ലകൾക്ക് റെഡ് അലർട്ടാണ് നൽകിയിരിക്കുന്നത്. മുന്നൊരുക്കങ്ങളുടെ ഭാഗമായി ഫുട്‌പാത്തുകളിൽ കച്ചവടം നടത്തുന്നവരെ ഒഴിപ്പിച്ചു. ഭക്ഷ്യ ധാന്യങ്ങളും ഇന്ധനവും മറ്റ് അവശ്യ വസ്തുക്കളും ഉറപ്പാക്കാൻ സർക്കാർ നിർദേശം നൽകി. താഴ്‌ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റും. കാക്കിനട, വെസ്റ്റ് ഗോദാവരി തുടങ്ങി വിവിധ ജില്ലകളിലെ സ്‌കൂളുകൾ അടച്ചു.

അതേസമയം, കേരളത്തിൽ മഴ ശക്തമാകുന്നത് കണക്കിലെടുത്ത് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് ഇന്ന് ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകൾക്ക് യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.