കരൂർ ദുരന്തം; മരിച്ചവരുടെ കുടുംബത്തെ കണ്ട് വിജയ്, ആശ്രിതരുടെ എല്ലാ ചെലവുകളും വഹിക്കുമെന്ന് ഉറപ്പു നൽകി

Monday 27 October 2025 12:59 PM IST

ചെന്നൈ: കരൂരിലെ വേലുച്ചാമിപുരത്തുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരുടെ എല്ലാ ചെലവുകളും ടിവികെ വഹിക്കുമെന്ന് നടനും പാർട്ടി പ്രസിഡന്റുമായ വിജയ് ഉറപ്പു നൽകി. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരെ മാമല്ലപുരത്തെ ഹോട്ടലിൽ എത്തിച്ചശേഷം അവരെ കാണുമ്പോഴായിരുന്നു വിജയ് ഉറപ്പ് നൽകിയത്.

അവരുടെ ചികിത്സാ ചെലവുകൾ, വിദ്യാഭ്യാസ ചെലവുകൾ മുതലായവ വഹിക്കുമെന്നാണ് വിജയ് അറിയിച്ചത്. ദുരന്തം ഉണ്ടായി ഒരു മാസം തികയുന്ന ദിവസമാണ് വിജയ് ഇരകളെ കണ്ടത്. സെപ്തംബ‌ർ 27നായിരുന്ന ദുരന്തം. വിജയ് നയിച്ച റാലി നാമക്കലിൽ നിന്നും കരൂരിൽ എത്തിയപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 41 പേർ മരിച്ചിരുന്നു.

മരിച്ചവരുടെ കുടുംബങ്ങളെ നേരിട്ട് കാണാതിരിക്കുകയും അനുശോചനം അറിയിക്കാതിരിക്കുകയും ചെയ്തതിന് വിജയ്‌ക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. മാമല്ലപുരത്തെ പൂഞ്ചേരി പ്രദേശത്തെ ഒരു സ്വകാര്യ ഹോട്ടലിൽ ഇന്ന് രാവിലെയാണ് വിജയ് ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരെ കണ്ടത്.

നേരത്തെ ഈ ഹോട്ടലിൽ വേണ്ട ക്രമീകരണങ്ങൾ പാർട്ടി പ്രവർത്തകർ നടത്തിയിരുന്നു. കരൂരിൽ നിന്നും ബസിലാണ് കൂടിക്കാഴ്ചയ്ക്കുള്ളവരെ എത്തിച്ചത്. 41 കുടുംബങ്ങളിലും ഉളളവർ എത്തിയില്ല. ചിലർ വരാൻ കഴിയില്ലെന്ന് സംഘാടകരെ അറിയിച്ചതായാണ് വിവരം.