ഇൻസ്റ്റഗ്രാമിലൂടെ പരിചയം,​ മയക്കുമരുന്ന് നൽകി ബലാത്സംഗം; വനിതാ ഡോക്ടറെ പീഡിപ്പിച്ച വ്യാജ സൈനികൻ അറസ്റ്റിൽ

Monday 27 October 2025 1:16 PM IST

ന്യൂഡൽഹി: വനിതാ ഡോക്ടറെ സൈനിക ഉദ്യോഗസ്ഥനായി ചമഞ്ഞ് ബലാത്സംഗം ചെയ്തയാൾ അറസ്റ്റിൽ. ഡൽഹി ഛത്തർപൂർ സ്വദേശി ആര്യൻ എന്ന യുവാവാണ് പിടിയിലായത്. ഡെലിവറി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. സൈനികനാണെന്ന വ്യാജേന ഇൻസ്റ്റഗ്രാമിലൂടെയാണ് യുവാവ് വനിതാ ഡോക്ടറുമായി സൗഹൃദം സ്ഥാപിച്ചത്. ബന്ധം ഊഷ്മളമായ‌തിന് ശേഷം ഇരുവരും ഫോൺ നമ്പറുകൾ കൈമാറുകയും പിന്നീട് വാട്സാപ്പിൽ സംസാരിച്ചു തുടങ്ങുകയും ചെയ്തു.

താൻ ജമ്മുകാശ്മീരിലാണ് സൈനികനായി ജോലി ചെയ്യുന്നുവെന്നാണ് യുവാവ് വനിതാ ഡോക്ടറോട് പറ‌‌ഞ്ഞിരുന്നത്. സൈനിക യൂണിഫോമിലുള്ള വേഷങ്ങളും ഇയാൾ ഡോക്ടർക്ക് അയച്ചു നൽകിയിരുന്നു. ഒക്ടോബർ ആദ്യം ഡൽഹിയിലുള്ള മസ്ജിദ് മോത്ത് എന്ന സഥലത്തെ ഡോക്ടറുടെ വീട്ടിൽ ഇയാൾ സന്ദർശനം നടത്തിയിരുന്നുവെന്നും കൂടിക്കാഴ്ചയിൽ ഡോക്ടറുടെ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നുമാണ് ഇയാൾക്കെതിരെയുള്ള പ്രധാന ആരോപണം.

ബോധം വീണ്ടെടുത്ത ഡോക്ട‌ർ ഒക്ടോബർ 16ന് താൻ പീഡിപ്പിക്കപ്പെട്ടുവെന്ന് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേ‌ഷണം ഊർജ്ജിതമാക്കി. ഛത്തർപൂരിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിന് ശേഷമാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഡോക്ടറെ കബിളിപ്പിക്കുന്നതിനായി ഒരു കടയിൽ നിന്ന് സൈനിക യൂണിഫോം വാങ്ങുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ ആര്യൻ പൊലീസിനോട് വെളിപ്പെടുത്തി.