ഈ ദേവീക്ഷേത്രത്തിലെത്തിയാൽ ആർക്കും രണ്ട് നേരം ആഹാരം ഉറപ്പ്, ചോറ് വിളമ്പുന്നതിനുമുണ്ട് ചില ചിട്ടകൾ
ഉത്സവദിവസങ്ങളിൽ കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും ഒന്നോ രണ്ടോ നേരം സദ്യയോ അന്നദാനമോ പതിവുണ്ട്. ചില ക്ഷേത്രങ്ങളിൽ നാല് നേരം ഭക്ഷണമുണ്ടാകും. മഹാക്ഷേത്രങ്ങളിലാണ് ഇത് പതിവ്. മഹാഭക്തരായ ആളുകൾ ഇത്തരത്തിൽ അന്നപ്രസാദം കഴിക്കാൻ സന്തോഷത്തോടെ ക്ഷേത്രങ്ങളിലെത്തും.
വർഷത്തിൽ എല്ലാ ദിവസവും രണ്ട് നേരം വിശാലമായ സദ്യ തന്നെ വിളമ്പുന്ന ഒരു ക്ഷേത്രം നമ്മുടെ കേരളത്തിലുണ്ട്. വടക്കൻ കേരളത്തിലെ ഏറെ പ്രശസ്‌തിയാർജ്ജിച്ച കണ്ണൂർ ചെറുകുന്നിലെ ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രമാണത്. ശ്രീപാർവതീ ദേവിയുടെ മറ്റൊരു മൂർത്തീ രൂപമാണ് അന്നപൂർണേശ്വരീ ദേവി. ഒരു കൈയിൽ അന്നം നിറഞ്ഞ പാത്രവും മറുകൈയിൽ അത് വിളമ്പാനുള്ള തവിയുമേന്തിയുള്ള ദേവിയാണ് അന്നത്തിന്റെ ദേവതയായ അന്നപൂർണേശ്വരി.
ചെറുകുന്നിലെ പ്രധാന വഴിപാട് അന്നദാനം ആണ്. രണ്ടുനേരം അന്നദാനത്തിന് അരിയും പച്ചക്കറിയും വഴിപാടായി ധാരാളം എത്തുന്നു. വിശേഷ അവസരങ്ങൾക്കായി ആറ് മണിക്കൂറോളം സമയമെടുത്താണ് പച്ചക്കറികൾ അരിയുന്നത്. എന്നാൽ സാധാരണ ദിവസങ്ങളിൽ രണ്ട് മണിക്കൂർ സമയം മതിയാകുമെന്നാണ് ക്ഷേത്ര ജീവനക്കാർ അറിയിക്കുന്നത്.
ഭക്ഷണം വിളമ്പുന്നതിന് മുൻപ് ചോറ് കാലമാകുമ്പോൾ ക്ഷേത്രത്തിലെ അരയാൽ തറയിലെത്തി ഒരാൾ ഇലക്കനെ നീട്ടിവിളിച്ച് ഊണ് തയ്യാറായതായി അറിയിക്കുന്ന പ്രത്യേകമായൊരു ചടങ്ങുണ്ട്. ഉച്ചപൂജ കഴിഞ്ഞുള്ള സമയത്താകും ഇത്. ശേഷം ചെറുകുന്നിലമ്മയുടെ അനുമതി വാങ്ങി വഴിപോക്കരെ വിളിക്കും. നാട്ടിലാരും പട്ടിണിയിലാകില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.
തൂശനിലയിൽ മുറം ഉപയോഗിച്ച് വയറുനിറയെ ചോറ് വിളമ്പിത്തരും. ഒരുനേരം ഇരുനൂറിലധികം പേർ എന്നും ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നുണ്ട്. വിവിധ നാടുകളിൽ നിന്നുള്ളവരാണ് ഇത് എന്നതാണ് അതിന്റെ പ്രത്യേകത. 1500 വർഷത്തിലധികം പഴക്കമുള്ള ക്ഷേത്രം 1866ൽ ചിറക്കൽ കോവിലകത്തെ അവിട്ടം തിരുനാൾ രാജരാജവർമ്മ പുതുക്കിപണിതു. ഇപ്പോൾ മലബാർ ദേവസ്വം വകയാണ് ക്ഷേത്രഭരണം.