യുഎസ് ഹെലികോപ്ടറും  യുദ്ധവിമാനവും ദക്ഷിണ ചെെനയിലെ  കടലിൽ  തകർന്നുവീണു; അപകടം നിരീക്ഷണ  പറക്കലിനിടെ

Monday 27 October 2025 3:19 PM IST

വാഷിംഗ്‌ടൺ: നിരീക്ഷണ പറക്കലിനിടെ യുഎസ് നാവികസേനയുടെ ഹെലികോപ്ടറും യുദ്ധവിമാനവും ദക്ഷിണ ചെെനയിലെ കടലിൽ തകർന്നുവീണു. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.45ന് നിരീക്ഷണ പറക്കൽ നടത്തുമ്പോഴാണ് ഹെലികോപ്ടർ (MH-60R Sea Hawk) അപകടത്തിൽപ്പെട്ടത്. 3.15നാണ് യുദ്ധവിമാനം (F/A-18F Super Hornet) അപകടത്തിൽപ്പെടുന്നത്. വ്യത്യസ്ത സമയങ്ങളിൽ നടന്ന അപകടങ്ങളെക്കുറിച്ച് യുഎസ് അന്വേഷണം ആരംഭിച്ചു.

അപകടത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്. വിമാനം തകർന്നുവീഴാനുള്ള കാരണങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി യുഎസ് നാവികസേന പ്രസ്താവനയിൽ അറിയിച്ചു. ഏഷ്യയിൽ ത്രിരാഷ്ട്ര സന്ദർശനത്തിനെത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സാക്ഷിയാക്കി തായ്‌ലൻഡും കംബോഡിയയും കഴിഞ്ഞ ദിവസം സമാധാന കരാർ ഒപ്പിട്ടിരുന്നു. ഇന്നലെ മലേഷ്യയിലെത്തിയ ട്രംപ് ആസിയാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും. ജപ്പാനും ദക്ഷിണ കൊറിയയും സന്ദർശിച്ച ശേഷമാണ് ട്രംപ് മടങ്ങുക. ഇതിനിടെ ചെെനീസ് പ്രസിഡന്റുമായും കൂടിക്കാഴ്ച നടത്താൻ സാദ്ധ്യതയുണ്ട്.