അമിത പണച്ചെലവില്ല, കാടിന് നടുവിലൂടെ ഒരു യാത്ര; തിരുവനന്തപുരത്തെ ഈ ട്രക്കിംഗ് സ്‌പോട്ട് അറിയാമോ?
പാലോട്: കാടിന്റെ സൗന്ദര്യം പരമാവധി ഉപയോഗപ്പെടുത്തി വനംവകുപ്പ് ഒരുക്കുന്ന പുതിയ ട്രക്കിംഗ് ടൂറിസമായ വരയാട്ടുമുടി (വരയാടുമൊട്ട) ടൂറിസം പാക്കേജ് ഏറെ ശ്രദ്ധനേടുന്നു. കാട്ടരുവിയും പതഞ്ഞൊഴുകുന്ന കാട്ടാറിന്റെ തെളിനീര്‍ കാഴ്ചയും സമ്മാനിക്കുന്നതാണ് വരയാട്ടുമൊട്ട ടൂറിസം പാക്കേജ്. തെക്കൻകേരളത്തിൽ വരയാടുകളെ കാണാൻകഴിയുന്ന ഏക സങ്കേതമാണ് സംരക്ഷിത വനമേഖലയായ വരയാട്ടുമൊട്ട. വനംവകുപ്പിന്റെ പ്രാഥമിക കണക്കുകളനുസരിച്ച് 600-ലധികം വരയാടുകൾ ഈ മലനിരകളിൽ പാർക്കുന്നുണ്ട്. മലമുകളിലെത്തിയാൽ മുന്നിൽ കടലോരവും പിന്നിൽ കുളത്തൂപ്പുഴ വരെയുള്ള ദൃശ്യങ്ങളും കാണാം. നിശബ്ദതയെ തണുപ്പിക്കാൻ മലമുകളിലെ കാറ്റുതന്നെ ധാരാളം. പ്രകൃതിമനോഹരമായ മങ്കയം ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കാണ് തിരിച്ചെത്തുന്നത്. ചെമ്മുഞ്ചിയാറിലെ മീൻമുട്ടി വെള്ളച്ചാട്ടത്തിലെ തണുത്ത വെള്ളത്തിൽ ഒന്നു കുളിച്ചു കഴിയുമ്പോൾ ആരും പറയും സഫലമീയാത്ര.
- കാഴ്ചയുടെ പറുദീസ
വനനിബിഡമായ ബ്രൈമൂർ മണച്ചാലിൽ നിന്നുമാണ് വരയാട്ടുമുടിയിലേക്കുള്ള ട്രക്കിംഗ് ആരംഭിക്കുന്നത്. വേണ്ട ആഹാരം കരുതണം. ഒരു സംഘത്തിൽ അഞ്ചുപേര്‍ വരെയാകാം. 3500-രൂപയാണ് ട്രക്കിംഗ് ഫീസ്. പ്ലാസ്റ്റിക്ക് പൂർണമായി ഒഴിവാക്കണം. പുലർച്ചേ ആറുമണിയോടെ യാത്ര ആരംഭിക്കും. വനംവകുപ്പിന്റെ ഗൈഡുമാർ ഒപ്പമുണ്ടാകും. അഞ്ച് കിലോമീറ്റർ വനത്തിനുള്ളിലൂടെ നടന്ന് മലമുകളിലെത്താം. ഈ യാത്രയിൽ വരയാടുകളെ മാത്രമല്ല കാട്ടുപോത്ത്, മ്ലാവ്, മലയണ്ണാൻ, മലമുഴക്കിവേഴാമ്പൽ തുടങ്ങി ധാരാളം പക്ഷി മൃഗാദികളേയും കാണാം. മൂന്നാറിലെപ്പോലെ വരയാടുകളെ തഴുകാനും തലോടാനും കിട്ടില്ലെന്നുമാത്രം. ട്രക്കിംഗിന് വനംവകുപ്പിന്റെ മുൻകൂട്ടി അനുമതി വാങ്ങണം.
- വള്ളിക്കുടിലുകൾക്കുള്ളിൽ വെള്ളച്ചാട്ടം
ട്രക്കിംഗിലെ ബ്യൂട്ടി സ്‌പോട്ടാണ് മങ്കയം ഇക്കോ ടൂറിസ്റ്റ് കേന്ദ്രം. കാട്ടാനയുടെ ചിന്നം വിളിയും ചീവീടിന്റെ ചിലമ്പൊച്ചയും അനേകം കിളികളുടെ പാട്ടും കേട്ടുകൊണ്ടുള്ള വിശ്രമം. ലഘുഭക്ഷണവും തെളിഞ്ഞ വെള്ളത്തിലെ സുഖസ്‌നാനവും കഴിഞ്ഞ് യാത്ര അവസാനിപ്പിക്കാം. നൂറ്റാണ്ട് പഴക്കമാർന്ന വള്ളിക്കുടിലുകൾ, അതിനിടയിൽ പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം. അതാണ് മങ്കയത്തെ മീൻമുട്ടി വെള്ളച്ചാട്ടം. കുടുംബത്തോടൊപ്പം ഒരു ദിവസം ചെലവഴിക്കാൻ പറ്റിയ മനോഹരമായ ഇടംകൂടിയാണ് മങ്കയം ഇക്കോടൂറിസം സെന്റർ.
- ട്രക്കിംഗിൽ അറിഞ്ഞിരിക്കാൻ
- നിറമുള്ള വസ്ത്രങ്ങൾ ധരിക്കരുത്
- സുഖന്ധദ്രവ്യങ്ങൾ ഒഴിവാക്കണം
- മദ്യം, പ്ലാസ്റ്റിക്ക് എന്നിവ പൂർണമായും ഒഴിവാക്കണം