അറബിക്കടലിൽ വൻതോതിൽ രാസമാലിന്യം... മെലിഞ്ഞുണങ്ങി കടൽമീനുകൾ

Tuesday 28 October 2025 12:08 AM IST

കോട്ടയം : അറബിക്കടലിൽ വൻ തോതിൽ രാസമാലിന്യംഅടിഞ്ഞതോടെ മത്സ്യങ്ങളുടെ ജനിതക ഘടനയിൽ മാറ്റം സംഭവിച്ച് വലിപ്പവും ഭാരവും കുറയുന്നു. കൊച്ചി സമുദ്ര മത്സ്യ ഗവേഷണപഠന കേന്ദ്രവും, ഗവേഷണ കൗൺസിലും നടത്തിയ ശാസ്ത്രീയ പഠനത്തിലാണ് കണ്ടെത്തൽ. നാലരയടിയോളം നീളവും അഞ്ചുകിലോ ഭാരവുമുണ്ടായിരുന്ന നെയ് മീനിന് 750 ഗ്രാം മുതൽ ഒരുകിലോ വരെ ഭാരം കുറഞ്ഞു. നാലരയടി നീളമുണ്ടായിരുന്ന സ്രാവ് ഒന്നരയടിയായി. കണവയുടെ നീളം പത്തു സെന്റിമീറ്ററിൽ താഴെയായി. മത്തി ,​ അയല,​ കിളി, ആകോലി എന്നിവയ്ക്കും മാറ്റം സംഭവിച്ചു. 11 സെന്റീമീറ്റർ താഴെ വലിപ്പമുള്ള മത്തി പിടിക്കരുതെന്നാണ് നിയമം. ചെറിയ മത്തി വലയിൽ കുടുങ്ങിയാൽ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്‌മെന്റും ചേർന്ന് തിരിച്ച് കടലിലൊഴുക്കും. ഒപ്പം പിഴയും ഈടാക്കും.

വില്ലനായത് കപ്പലപകടം

സമീപകാലത്തുണ്ടായ കപ്പലപകടം മൂലം കടലിൽ കൂടുതലായി രാസമാലിന്യം കലർന്നതാണ് മത്സ്യങ്ങളുടെ ജനിതകമാറ്റത്തിന് കാരണമായി പറയുന്നത്. വിവിധ രാസവസ്തുക്കൾ കടലിൽ അലിഞ്ഞത് മത്സ്യ സമ്പത്തിന് ദോഷകരമെന്ന് കണ്ടെത്തിയെങ്കിലും ഇത്രയധികം ജനിതകമാറ്റം പ്രതീക്ഷിച്ചില്ലെന്നാണ് ഗവേഷകർ പറയുന്നത്. ഭാവിയിലും മത്സ്യ സമ്പത്തിൽ വൻ കുറവുണ്ടാകുമെന്നാണ് ആശങ്ക. ഇത് തൊഴിലാളികളുടെ ജീവിതത്തെ മാത്രമല്ല, മത്സ്യസമ്പത്തിൽ നിന്നുള്ള വരുമാനത്തെയും ബാധിക്കും.