കർഷക സമരത്തിൽ പങ്കെടുത്ത വയോധികയെ അധിക്ഷേപിച്ച് പോസ്റ്റിട്ട സംഭവം; ക്ഷമാപണം നടത്തി കങ്കണ
പഞ്ചാബ്: 2020ലെ കർഷക സമരത്തിൽ പങ്കെടുത്ത പ്രായമായ സ്ത്രീയെക്കുറിച്ച് നടത്തിയ പരാമർശത്തിൽ ക്ഷമാപണം നടത്തി ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. 73കാരിയായ മഹീന്ദർ കൗർ നൽകിയ മാനനഷ്ടക്കേസിൽ അതീവ സുരക്ഷയിലാണ് ബത്തിൻഡ കോടതിയിൽ കങ്കണ ഹാജരായത്.
സോഷ്യൽ മീഡിയ പോസ്റ്റിൽ ക്ഷമ ചോദിക്കുന്നുവെന്നാണ് നടി കോടതിയോട് പറഞ്ഞത്. വീഡിയോ കോൺഫറൻസിലൂടെ ഹാജരാകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടി നൽകിയ ഹർജി കഴിഞ്ഞ മാസം കോടതി തള്ളിയിരുന്നു. ഇന്ന് കോടതിയിൽ ഹാജരാകണമെന്നായിരുന്നു ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ലഖ്ബീർ സിംഗ് നിർദ്ദേശിച്ചത്. തന്നെ തെറ്റായി ചിത്രീകരിച്ച് കങ്കണ എക്സിൽ പോസ്റ്റിട്ടുവെന്നും അത് അപകീർത്തിപ്പെടുത്തിയെന്നും കാണിച്ചാണ് മഹീന്ദർ കൗർ പരാതി നൽകിയത്. കർഷകസമരത്തിൽ പങ്കെടുക്കാനായി ബിൽക്കീസ് ബാനു ദാദിയെ 100 രൂപയ്ക്ക് ലഭ്യമാണെന്നായിരുന്നു കങ്കണയുടെ പോസ്റ്റ്.
2022 ഫെബ്രുവരിയിൽ ബത്തിൻഡ ജുഡീഷ്യൽ മജിസ്ട്രേറ്റ് സമൻസയച്ച് കങ്കണയോട് കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. പിന്നാലെ തനിക്കെതിരായ മാനനഷ്ടക്കേസും കീഴ്കോടതിയുടെ സമൻസ് ഉത്തരവും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കങ്കണ 2022 ജൂലായിൽ പഞ്ചാബ് - ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു. കങ്കണ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഈ വർഷം സെപ്തംബറിൽ ഹർജി പരിഗണിക്കാൻ കോടതി വിസമ്മതിച്ചു. തുടർന്ന് ഹർജി പിൻവലിക്കുകയായിരുന്നു. കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശങ്ങളിൽ പ്രതിഷേധിച്ച് ചണ്ഡീഗഢ് വിമാനത്താവളത്തിൽ നടന്ന സുരക്ഷ പരിശോധനക്കിടെ സി ഐ എസ് എഫ് വനിത കോൺസ്റ്റബിൾ കങ്കണയെ മർദിച്ചിരുന്നു.