ഇന്നലെ പൊലിഞ്ഞത് രണ്ട് ജീവനുകൾ... മിന്നൽ വേഗം, ചോരപ്പാട് ഉണങ്ങാതെ നിരത്തുകൾ
കോട്ടയം : എം.സി റോഡ് നവീകരിച്ചത് വാഹനയാത്ര സുഗമമാക്കിയെങ്കിലും അപകടങ്ങൾക്ക് പരിഹാരമായില്ല. അമിതവേഗം ചിലർക്ക് ഹരമായി മാറുമ്പോൾ പൊലിയുന്നത് വിലപ്പെട്ട ജീവനുകളാണ്. ജീവിതത്തിലേക്ക് തിരികെ എത്താൻ കഴിയാതെ ചികിത്സയിൽ കഴിയുന്നവരുമേറെയാണ്. വീതിയേറിയ റോഡിൽ 100 കിലോമീറ്ററിലേറെ വേഗത്തിലാണ് മിക്ക വാഹനങ്ങളും പായുന്നത്. മിനുസമേറിയ റോഡിൽ വാഹനങ്ങൾക്ക് ബ്രേക്ക് കിട്ടാതെ വരുന്നതാണ് അപകടത്തിനിടയാക്കുന്നത്. മഴക്കാലത്ത് വാഹനങ്ങൾ റോഡിൽ നിന്ന് തെന്നിമാറുകയാണ്. വേഗനിയന്ത്രണ സംവിധാനങ്ങളും ഇല്ല. കാലങ്ങളായി പൊലീസിന്റെയോ വാഹനവകുപ്പിന്റെയോ പരിശോധനകൾ ഇല്ലാത്തത് അതിവേഗക്കാർക്ക് പ്രോത്സാഹനമാകുന്നു. കുറവിലങ്ങാട്, വെമ്പള്ളി, കുര്യം, പട്ടിത്താനം, മോനിപ്പിള്ളി ആച്ചിക്കൽ ഭാഗത്ത് അപകടം പതിവാണ്. വളവുകളേറെയുള്ള ഈ മേഖലകളിൽ വേഗം കുറയ്ക്കാതെയാണ് ഡ്രൈവിംഗ്. മൂന്ന് മാസത്തിനിടെ 10 ലേറെ അപകടങ്ങളാണ് നടന്നത്. ഇന്നലെ മോനിപ്പള്ളിയ്ക്ക് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു, 49 പേർക്ക് പരിക്കേറ്റു.
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികനും മരിച്ചു. അശ്രദ്ധമായ ഡ്രൈവിംഗിനൊപ്പം മൊബൈൽ ഉപയോഗവും പ്രശ്‌നമാകുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നതും, ഹെൽമറ്റില്ലാതെ യാത്രചെയ്യുന്നതും അപകടങ്ങൾ പെരുകാൻ ഇടയാക്കി.
കുറവിലങ്ങാട് ഉണർന്നത് അപകടവാർത്തയറിഞ്ഞ് ഇന്നലെ പുലർച്ചെയുണ്ടായ അപകട വാർത്തയറിഞ്ഞാണ് കുറവിലങ്ങാട്, മോനിപ്പള്ളി നിവാസികൾ ഉണർന്നത്. തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞെന്ന വിവരം അറിഞ്ഞതോടെ, പ്രദേശവാസികളും പൊലീസും, ഫയർഫോഴ്‌സും കുതിച്ചെത്തി. നിരവധി ആംബുലൻസുകളും സ്ഥലത്തെത്തി. കോട്ടയം മെഡിക്കൽ കോളേജ്, എം.യു.എം ആശുപത്രി എന്നിവിടങ്ങളിലേക്ക് ബസിലുണ്ടായിരുന്ന എല്ലാവരെയും മാറ്റിയെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല.
പഠനം നടത്തി, റിപ്പോർട്ട് പരണത്ത്
എം.സി റോഡിൽ അപകടങ്ങൾ വർദ്ധിച്ചതോടെ പട്ടിത്താനം മുതൽ ജില്ലാ അതിർത്തിയായ കൂത്താട്ടുകുളത്തിന് സമീപം ചോരക്കുഴി പാലം വരെയുള്ള അപകടസാദ്ധ്യതാ മേഖല കണ്ടെത്തി പരിഹാര നടപടികളെടുക്കാൻ പൊലീസും മോട്ടോർ വാഹന വകുപ്പും തയ്യാറാക്കിയ പദ്ധതി എങ്ങുമെത്തിയില്ല. അപകടസാദ്ധ്യത കൂടിയ സ്ഥലങ്ങളെ ബ്ലാക്ക് സ്‌പോട്ടായി പരിഗണിച്ച് പൊതുമരാമത്ത് വകുപ്പിന്റെ സഹകരത്തോടെ വിവിധ സുരക്ഷാ നടപടികൾ സ്വീകരിക്കാനായിരുന്നു നീക്കം. പക്ഷേ, സിഗ്‌നൽ ലൈറ്റുകളും സ്പീഡ് ബ്രേക്കറുകളും സ്ഥാപിക്കാൻ പോലുമായില്ല. നാറ്റ്പാക് സംഘവും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചതാണ്.
കാരണങ്ങൾ പലത് ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, മൊബൈൽ ഉപയോഗം വിശ്രമമില്ലാത്തത് മൂലം ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നത് വഴിവിളക്ക്, സൈൻബോർഡുകളുടെ അഭാവം ഡിം ചെയ്യാത്ത അമിത വെളിച്ചമുള്ള ഹെഡ് ലൈറ്റുകൾ
''റോഡ് നവീകരിക്കുന്നതിനൊപ്പം സുരക്ഷാ സംവിധാനവും ഒരുക്കാൻ തയ്യാറാകണം. ജനങ്ങളുടെ ജീവനാണ് പ്രധാനം. ഭീതിയോടെയാണ് കാൽനടയാത്രക്കാർ അടക്കം കടന്നുപോകുന്നത്. എം.സി റോഡിൽ അപകടങ്ങളില്ലാത്ത ദിവസങ്ങൾ കുറവാണ്.
-രവീന്ദ്രൻ, മോനിപ്പള്ളി