എൽ ക്ളാസികോ, ഒരേ പേരിൽ 2 സിനിമകൾ
എൽ ക്ളാസികോ എന്ന പേരിൽ രണ്ടു സിനിമകൾ ഒരുങ്ങുന്നു. ടൊവിനോ തോമസ്, നസ്രിയ നസിം എന്നിവർ നായകനും നായികയുമായി മുഹ്സിൻ പരാരി സംവിധാനം ചെയ്യുന്ന ചിത്രം ആണ് ഒന്ന്. ഷെയ്‌ൻ നിഗം, അനുപമ പരമേശ്വരൻ എന്നിവർ നായകനും നായികയുമാകുന്ന ചിത്രം നവാഗതനായ റോഷ് റഷീദ് ആണ് സംവിധാനം ചെയ്യുന്നത്. ചെമ്പൻ വിനോദും, അഞ്ജന ജയപ്രകാശും ആണ് മറ്റു താരങ്ങൾ. രോഹിത് റെജിയും അമീർ സുഹൈലും ചേർന്നാണ് രചന . സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകൻ സക്കറിയയും ചേർന്നാണ് ടൊവിനോ ചിത്രത്തിന് മുഹ് സിൻ പരാരി രചന നിർവഹിക്കുന്നത്. സുഷിൻ ശ്യാം സംഗീതം ഒരുക്കുന്നു. എ.വി.എ പ്രൊഡക്‌ഷൻസ്, മാർഗ എന്റർടെയ്‌ൻമെന്റ്, ദ റൈറ്റിംഗ് കമ്പനി എന്നീ ബാനറുകളിലാണ് ടൊവിനോ - നസ്രിയ ചിത്രത്തിന്റെ നിർമ്മാണം.
രണ്ട് എൽ ക്ളാസിക്കുകളിൽ ഏതാണ് ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തതെന്ന് അറിവായിട്ടില്ല. ഷെയ്‌ൻ നിഗം ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. രണ്ടു ചിത്രങ്ങളും ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും.