രജനി കാന്തിന്റെ വില്ലൻ മിഥുൻ ചക്രവർത്തി
ജയിലർ 2 ൽ വിദ്യ ബാലനും
രജനികാന്ത് നായകനായി നെൽസൻ സംവിധാനം ചെയ്യുന്ന ജയിലർ 2 ൽ ബോളിവുഡ് താരം മിഥുൻ ചക്രവർത്തി. പ്രതിനായക വേഷം ആണ് മിഥുൻ ചക്രവർത്തി അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം വിദ്യബാലൻ ആദ്യമായി തമിഴിൽ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ജയിലർ 2. 2019 ൽറിലീസ് ചെയ്ത
അജിത് നായകനായ നേർകൊണ്ട പർവൈ എന്ന ചിത്രത്തിൽ അതിഥി താരമായി വിദ്യ ബാലൻ എത്തിയിരുന്നു. മിഥുൻ ചക്രവർത്തി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഇളയ മകളുടെ വേഷം ആണ് വിദ്യബാലന് എന്നാണ് വിവരം. ജയിലർ 2 ന്റെ അടുത്ത ഷെഡ്യൂൾ അടുത്ത ആഴ്ച ഗോവയിൽ ആരംഭിക്കും. ഇൗ ഷെഡ്യൂളിൽ മിഥുൻ ചക്രവർത്തി പങ്കെടുക്കുന്നുണ്ട്. രമേശ് സിപ്പിയുടെ സംവിധാനത്തിൽ മിഥുൻ ചക്രവർത്തി നായകനായി അഭിനയിച്ച് 1989 ൽ റിലീസ് ചെയ്ത ഭ്രഷ്ടാചർ എന്ന ചിത്രത്തിൽ അതിഥിതാരമായി രജനികാന്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
മിഥുൻ ചക്രവർത്തി നായകനായ ഭാഗ്യ ദേബാറ്റ എന്ന ബംഗാളി ചിത്രത്തിലും രജനികാന്ത് അഭിനയിച്ചിട്ടുണ്ട്. 1995 ൽ റിലീസ് ചെയ്ത ഇൗ ചിത്രം രജനികാന്തിന്റെ ഏക ബംഗാളി സിനിമ കൂടിയാണ്. മുപ്പത് വർഷത്തിനുശേഷം ഇരുവരും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഡിസംബർ അവസാനം ജയിലർ 2 ചിത്രീകരണം പൂർത്തിയാകും എന്നാണ് വിവരം. ജനുവരിയിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കും. ശിവരാജ് കുമാർ, നന്ദമുരി ബാലകൃഷ്ണ , എസ്.ജെ. സൂര്യ, രമ്യകൃഷ്ണൻ, യോഗി ബാബു, മിർണ മേനോൻ, മലയാളി താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, സുനിൽ സുഖദ, വിനീത് തട്ടിൽ, ഷംനകാസിം , അന്ന രേഷ്മ രാജൻ തുടങ്ങി നീണ്ട താരനിരയുണ്ട്.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് നിർമ്മാണം. 2023 ൽ നെൽസന്റെ സംവിധാനത്തിൽ ആണ് ജയിലർ റിലീസ് ചെയ്തത്. ബോക്സ് ഓഫീസിൽ കളക്ഷൻ റെക്കാഡുകൾ ഭേദിച്ച ചിത്രം ആണ് ജയിലർ.