പോക്സോ കേസിൽ യുവാവിന് 33വർഷം കഠിനതടവ്

Tuesday 28 October 2025 1:48 AM IST

പറവൂർ: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വരാപ്പുഴ ചിറക്കകം കടത്ത്കടവിൽ വീട്ടിൽ ശ്രീജിത്തിനെ (24) പറവൂർ അതിവേഗ സ്പെഷ്യൽ കോടതി 33 വർഷം കഠിനതടവിന് ശിക്ഷിച്ചു. 25,000 രൂപ പിഴയുമൊടുക്കണം. ഇത് അതിജീവിതയ്ക്ക് നൽകണം. പിഴഅടച്ചില്ലെങ്കിൽ എട്ടുമാസം അധികതടവ് അനുഭവിക്കണം.

ഇൻസ്റ്റഗ്രാംവഴി പരിചയപ്പെട്ട പെൺകുട്ടിയോട് 2022 സെപ്റ്റംബർ മുതൽ പ്രണയം നടിച്ച് വിവാഹവാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ചതായാണ് കേസ്. വരാപ്പുഴ പൊലീസ് രജിസ്റ്രർചെയ്ത കേസ് കുറ്റകൃത്യം നടന്ന സ്ഥലത്തെ മുനമ്പം പൊലീസിന് കൈമാറി. ഇൻസ്പെക്ടറായിരുന്ന എ.എൽ. യേശുദാസാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. 26 സാക്ഷികളെ വിസ്തരിച്ചു. 54 രേഖകൾ തെളിവായി ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ്‌കുമാർ ഹാജരായി.