സ്കൂളുകൾക്ക് നാളെ അവധി,​ മോൻത ചുഴലിക്കാറ്റിനെ നേരിടാൻ മൂന്നു സംസ്ഥാനങ്ങളിൽ മുന്നൊരുക്കങ്ങൾ

Monday 27 October 2025 7:53 PM IST

ചെന്നൈ : ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോൻത ചുഴലിക്കാറ്റിനെ തുടർന്ന് മൂന്ന് സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്,​ ആന്ധ്ര,​ ഒഡിഷ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴ,​ അതിവേഗ കാറ്റ്,​ വെള്ളപ്പൊക്ക സാദ്ധ്യത എന്നിവയെ കുറ്ച്ച് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുണ്ട്.

ആന്ധ്രയിലും തെക്കൻ ഒഡീഷയിലും കനത്ത മഴയ്ക്കും മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.തമിഴ്നാട്,​ ആന്ധ്രപ്രദേശ്,​ ഒഡിഷ,​ പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ അതീതീവ്ര മഴയും കാറ്റും സൃഷ്ടിക്കുന്നതിനാൽ സർക്കാരുകൾ അടിയന്തര മുന്നൊരുക്കം ശക്തമാക്കിയിട്ടുണ്ട്. കാക്കിനാടയിൽ നിന്ന് ഏകദേശം 680 കിലോമീറ്റർ തെത്ത് - തെക്ക് കിഴക്കായും ഒഡിഷയിലെ ഗോപാൽപൂരിൽ നിന്ന് 850 കിലോമീറ്റർ തെക്കുമാറിയാണ് നിലവിൽ മോൻത സ്ഥിതി ചെയ്യുന്നത്. അടുത്ത 12 മണിക്കുറിനുള്ളിൽ ചുഴലി്ക്കാറ്റ് അതിതീവ്രമാകുമെന്നും മച്ചിലിപ്പട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ ആന്ധ്രതീരം കടക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 90-100 കിലോമീറ്റർ വേഗതയിൽ കാറ്റിനും ചില സമയങ്ങളിൽ 110 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും സാദ്ധ്യതയുണ്ട്. താഴ്ന്ന തീരപ്രദേശങ്ങളിൽ ഒരു മീറ്റർ വരെ ഉയരത്തിൽ കടൽക്ഷോഭവും ഉണ്ടായേക്കും.