മാനദണ്ഡം കാറ്റിൽപ്പറത്തി രാത്രിയാത്ര........... തടികേടാക്കും തടിലോറികൾ

Tuesday 28 October 2025 12:03 AM IST

കോട്ടയം : അപകട മുന്നറിയിപ്പ് ലൈറ്റുകളില്ല, ശ്രദ്ധ അല്പമൊന്ന് മാറിയാൽ അപകടമുറപ്പ്. രാത്രികാലങ്ങളിൽ വാഹനയാത്രികർക്ക് വലിയ ഭീഷണിയായി മാറുകയാണ് അമിതഭാരം കയറ്റി നിരത്തിലൂടെ നീങ്ങുന്ന തടി ലോറികൾ. മോട്ടോർ വാഹനവകുപ്പ് നിർദേശിച്ച അപായ മുന്നറിയിപ്പ് ലൈറ്റുകൾ പോലും ഘടിപ്പിക്കാതെയാണ് ഇവയുടെ സഞ്ചാരം. രാത്രിയിൽ തൊട്ടടുത്ത് എത്തുമ്പോഴാണ് ഇത്തരം വാഹനങ്ങൾ മറ്റു ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുന്നത്. അനുവദനീയമായതിന്റെ അഞ്ചിരിട്ടയോളം ഭാരംകയറ്റിയാണ് എം.സി റോഡിലൂടെയുള്ള സഞ്ചാരം. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനികളലേക്കാണ് ഇവയിൽ കൂടുതലും കൊണ്ടു പോകുന്നത്. ഭൂരിഭാഗവും കാലപ്പഴക്കം ചെന്ന ലോറികളാണ്. രാത്രി 12 നും പുലർച്ചെ നാലിനും ഇടയിലാണ് സഞ്ചാരം. തടി അടുക്കുന്നതിലെ അപാകതമൂലം മൂലം ലോറികൾ ചരിഞ്ഞാണ് പോകുന്നത്. ആക്‌സിൽ ഒടിഞ്ഞും ടയറുകൾ പൊട്ടിയും വഴിമദ്ധ്യത്തിൽ ലോറികൾ കേടായി കിടക്കുന്നതും പതിവ് കാഴ്ചയാണ്.

തോന്നുംപടി പാർക്കിംഗ്

രാത്രികാലങ്ങളിൽ തോന്നുംപടിയാണ് ലോറികളുടെ പാർക്കിംഗ്. ഇത് അപകടങ്ങൾക്ക് കാരണമാകുന്നു. റോഡിന്റെ വശങ്ങൾ താഴ്ന്നു നിൽക്കുന്നതും വഴിവിളക്കുകൾ തെളിയാത്തതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ഓരോ വാഹനത്തിലും കയറ്റാവുന്ന ലോഡ് എത്രയാണെന്ന് നിശ്ചയിച്ചിട്ടുണ്ട്. പെർമിറ്റിലും ആർ.സി ബുക്കിലും ഇത് കാണിച്ചിട്ടുണ്ടാകും. അമിതഭാരത്തിന് പിഴയീടാക്കാമെങ്കിലും അധികൃതർ കണ്ടഭാവം നടിക്കുന്നില്ല.

 ''മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും അനാവശ്യ പരശോധനകൾ ബുദ്ധിമുട്ടിക്കുകയാണ്. അനുവദനീയമായ അളവിൽ മാത്രം തടി കയറ്റിയാൽ ഭീകര നഷ്ടം ഉടമകൾക്കുണ്ടാകുമെന്നും തടിവില കുത്തനെ ഇടിയാൻ ഇടയാക്കുന്നു.

(ലോറി ഡ്രൈവർമാർ)

''രാത്രികാലങ്ങളിൽ ഇരുചക്രവാഹനയാത്ര കഠിനമാണ്. നിരനിരയായാണ് തടലോറികൾ കടന്നുപോകുന്നത്. തൊട്ടരികിൽ എത്തുമ്പോഴാണ് തടി പുറകോട്ട് തള്ളിനിൽക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്. അമിതവേഗതയിലാണെങ്കിൽ അപകടമുറപ്പാണ്.

അനന്തു, ബൈക്ക് യാത്രികൻ