മണ്ണിടിച്ചിൽ വ്യാപകം, കർഷകർ കണ്ണീരിൽ
വെഞ്ഞാറമൂട്: പാറ ക്വാറി പ്രവർത്തനത്തിനായി ഇടിച്ച മണ്ണ് ഒലിച്ചിറങ്ങി നശിച്ചത് ഹെക്ടർ കണക്കിന് കൃഷി ഭൂമി. പുല്ലമ്പാറ പഞ്ചായത്തിലെ മരുതുംമൂട് ഭാഗത്ത് 50ഹെക്ടറോളം പാടശേഖരമാണ് പാറ ക്വാറി പ്രവർത്തനം കാരണം നശിക്കുന്നത്. ഈ പാടശേഖരത്തിന്റെ മുകളിലായി സ്ഥിതിചെയ്യുന്ന കുഞ്ചയിരവല്ലി എന്നറിയപ്പെടുന്ന പാറ ഉൾപ്പെട്ട പ്രദേശത്താണ് പാറ പൊട്ടിക്കലിന്റെ പ്രാരംഭ നടപടിയായി മണ്ണ് മാറ്റൽ പ്രക്രിയ നടക്കുന്നത്.
അവിടെനിന്ന് മാറ്റപ്പെട്ട ആയിരകണക്കിന് ടൺ മണ്ണാണ് ചെറിയ ഒരു മഴയിൽ ഉരുൾപ്പൊട്ടലിന് സമാനമായ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പാടത്തേക്ക് പതിച്ചത്. പാരിസ്ഥിതികപ്രശ്നം നേരിടുന്ന സ്ഥലമായതിനാലും പഞ്ചായത്തിലെ ഏക പാടശേഖരം സ്ഥിതി ചെയ്യുന്നതിനാലും വർഷങ്ങൾക്കു മുൻപേ ഈ ക്വാറി പ്രവർത്തിക്കാൻ നടപടി ആരംഭിച്ചപ്പോൾ നാട്ടുകാർ ഇതിനെതിരെ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രതിഷേധിച്ചിരുന്നു.
പാരിസ്ഥിതികപ്രശ്നം കണക്കിലെടുത്ത് പുല്ലമ്പാറ പഞ്ചായത്തും അനുമതി നൽകിയിരുന്നില്ല. ഇപ്പോൾ വ്യവസായ ഏകജാലക സംവിധാനത്തിലൂടെ അനുമതി നേടിയെടുത്താണ് നടത്തിപ്പുകാർ പ്രാരംഭ നടപടികൾ ആരംഭിച്ചത്. അകത്തു നടക്കുന്ന പണികൾ പുറത്ത് കാണാതിരിക്കാനായി വലിയ ഷീറ്റുകൾ മറച്ചിട്ടുണ്ട്.
കർഷർ ദുരിതത്തിൽ വന്യമൃഗശല്യവും കാലാവസ്ഥ വ്യതിയാനവുമൊക്കെയായി കൃഷി ഉപേക്ഷിക്കാവുന്ന അവസ്ഥയിലാണ് ഒരുകൂട്ടം കർഷകർ പണിയെടുത്ത് ഈ പാടം സംരക്ഷിക്കുന്നത്. ആറു മാസത്തിൽ നെൽകൃഷിയും ആറു മാസത്തിൽ പച്ചക്കറിയും എന്ന രീതിയിലാണ് ഇവിടെ കൃഷി ചെയ്യുന്നത്.
ജില്ലയിലെ മികച്ച രീതിയിൽ കൃഷി ചെയ്യുന്ന പാടശേഖരമാണിത്. ഓണവിപണികളിലും കർഷക കൂട്ടായ്മകളിലും മറ്റു വിപണികളിലുമൊക്കെ ഇവിടുത്തെ കർഷകരും കാർഷിക ഉത്പന്നങ്ങളും സജീവമാണ്. ആ പാടശേഖരം ആണ് ഇപ്പോൾ നിർജ്ജീവമാകാൻ പോകുന്നത്.
ഉരുൾപ്പൊട്ടലിന് സമാനമായ
ഭീകര അന്തരീക്ഷം
ഉരുൾ പൊട്ടലിന് സമാനമായ മണ്ണിടിച്ചിൽ ആയതുകൊണ്ട് വലിയ കുന്നിൽ നിന്ന് മണ്ണും ചെളിയും കല്ലുകളും വയലിൽ അടിഞ്ഞുകൂടി കൃഷിക്ക് യോഗ്യമല്ലാതായി മാറിയിരിക്കുകയാണ്. ഇത് തുടർന്നാൽ ബാക്കി വന്ന പാടശേഖരം കൂടി നശിക്കും.
നടപടി എടുക്കണം
അടുത്ത മാസം കൃഷിയിറക്കാൻ തയ്യാറെടുത്തിരിക്കുന്ന കർഷകരെ കണ്ണീരിലാഴ്ത്തുന്ന, വലിയ ഒരുൾപൊട്ടൽ ഭീഷണി മുന്നിൽക്കാണുന്ന, പാരിസ്ഥിതിക ആഘാതം വരുത്തുന്ന ക്വാറിയുടെ പ്രവർത്തനം അടിയന്തരമായി നിറുത്തി കർശന നടപടിയെടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ഫോട്ടോ: മണ്ണിടിഞ്ഞുവീണ പാടശേഖരം.