കണ്ണൂർ വാരിയേഴ്സിന്റെ ഭാഗ്യചിഹ്നം 'വീരൻ' കടുവ
കണ്ണൂർ: സൂപ്പർ ലീഗ് കേരളയിലെ കരുത്തുറ്റ ടീമായ കണ്ണൂർ വാരിയേഴ്സ് ഫുട്‌ബോൾ ക്ലബ് ഭാഗ്യചിഹ്നമായി വീരൻ എന്ന പേരിലുള്ള കടുവയെ അവതരിപ്പിച്ചു. കണ്ണൂർ താഴെ ചൊവ്വ സെക്യൂറ മാളിൽ നടന്ന ചടങ്ങിൽ വാരിയേഴ്സ് ഡയറക്ടർ സി.എ. മുഹമ്മദ് സാലിഹ്, മുഖ്യപരിശീലകൻ മാനുവൽ സാഞ്ചസ് ടീം ക്യാപ്റ്റൻ ഏണസ്റ്റീൻ ലവ്സാംബ,സി.കെ ഉബൈദ്, മദ്ധ്യനിരതാരം അസിയർ ഗോമസ് എന്നിവർ ചേർന്നാണ് മാസ്‌ക്കോട്ടിനെ അവതരിപ്പിച്ചത്. കണ്ണൂരിന്റെ പോരാളികളെ അനുസ്മരിച്ചാണ് വീരൻ എന്ന പേര് മാസ്‌ക്കോട്ടിന് നൽകിയതെന്ന് വാരിയേഴ്സ് മാനേജ്മെന്റ് പറഞ്ഞു. പുരാതന കാലത്ത് വിവിധ ആധിപത്യശക്തികൾക്കെതിരെ അനേകം സമരങ്ങളും വിപ്ലവങ്ങളും നടന്ന നാടെന്ന നിലയിലാണ് ഈ തിരഞ്ഞെടുപ്പെന്നും അവർ വിശദീകരിച്ചു .കണ്ണൂരിന്റെ ശക്തി, ധൈര്യം, ദൃഢനിശ്ചയം, ആധിപത്യം എന്നിവയുടെ പ്രതീകമായിയാണ് വീരൻ എന്ന മാസ്‌ക്കോട്ടിനെ അവതരിപ്പിച്ചെത്. താരങ്ങളിൽ നിന്നും കണ്ണൂരിനായി പോരാടാനുള്ള ധൈര്യവും ദൃഢനിശ്ചയവുമാണ് പ്രതീക്ഷിക്കുന്നതെന്ന് ക്ലബ് അറിയിച്ചു..കണ്ണൂർ വാരിയേഴ്സിന്റെ ഹോം മത്സര ദിവസവും മറ്റുപരിപാടികൾക്കും ആരാധകർക്ക് ആവേശമായി വീരനും ഉണ്ടാകും.
ആരാധകർക്കായി ഷൂട്ടൗട്ട് മത്സരം
ആരാധകർക്ക് വേണ്ടി എല്ലാ ശനി, ഞായർ ദിവസങ്ങളിൽ വൈകീട്ട് 4 മണി മുതൽ 6 മണിവരെ പയ്യാമ്പലം ബീച്ചിൽ വെച്ചും 6 മണി മുതൽ 8 മണിവരെ സെക്യൂറ മാളിലും വെച്ചും പെനാൽറ്റി ഷൂട്ടൗട്ട് മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും ടീം മാനേജ്മെന്റ് അറിയിച്ചു. വിജയിക്കുന്നവർക്ക് കണ്ണൂർ വാരിയേഴ്സ് പ്രത്യേകം സമ്മാനവും നൽക്കും.
കണ്ണൂരിൽ നവംബർ 7 മുതൽ മത്സരം
സൂപ്പർ ലീഗ് കേരള ഫുട്‌ബാളിൽ വാരിയേഴ്സിന്റെ ഹോം ഗ്രൗണ്ട് മത്സരങ്ങൾ നവംബർ 7 മുതൽ മുൻസിപ്പൽ ജവഹർ സ്റ്റേഡിയത്തിൽ നടക്കും. ഫോഴ്സ കൊച്ചി, തൃശൂർ മാജിക് എഫ്.സി, മലപ്പുറം എഫ്.സി , കാലിക്കറ്റ് എഫ്.സി, തിരുവനന്തപുരം കൊമ്പൻസ് എന്നീ ടീമുകൾക്കെതിരെയാണ് മത്സരം. ജവഹർ സ്റ്റേഡിയത്തിൽ 15,000 ത്തോളം കാണിളെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.മത്സര നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരണ യോഗം31ന് വൈകിട്ട് 4ന് ചേമ്പർ ഓഫ് കോമേഴ്സ് ഹാളിൽ നടക്കും.