തെരുവുനായ നിയന്ത്രണ പദ്ധതി: വാക്സിനേഷന് തളിപ്പറമ്പിൽ നിന്ന് തുടക്കം
തളിപ്പറമ്പ്: ജില്ലയിൽ തെരുവുനായകൾക്ക് വാക്സിനേഷൻ നൽകുന്ന പദ്ധതിക്ക് തളിപ്പറമ്പ് നഗരത്തിൽ തുടക്കമായി. കോടതി റോഡ്, ബസ് സ്റ്റാൻഡ്, താലൂക്ക് ഓഫീസ്, പോസ്റ്റ് ഓഫീസ്, കാക്കാത്തോട് ബസ് സ്റ്റാൻഡ്, മാർക്കറ്റ് പരിസരങ്ങളിലുൾപ്പെടെ ഉദ്യോഗസ്ഥരും ജീവനക്കാരും എത്തി തെരുവുനായകൾക്ക് വാക്സിൻ നൽകി. ഡോക്ടർമാരായ മുഹമ്മദ് ബഷീർ, ഹാഫിസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പദ്ധതി നടപ്പിലാക്കിയത്. ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ വിമൽ, അനീഷും എന്നിവർ ഡോക്ടർമാരുടെ സഹായത്തിനെത്തി. മലപ്പുറത്ത് നിന്ന് എത്തിയ അംഗീകൃത ലൈസൻസുള്ള ജിതേഷിന്റെ നേതൃത്വത്തിലുള്ള നായ പിടിത്തക്കാരാണ് നായകളെ പിടികൂടിയത്. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി.മുഹമ്മദ് നിസാർ സംഘത്തിന് നേതൃത്വം നൽകി.നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷരായ പി.പി മുഹമ്മദ് നിസാർ, പി.റജുല, കൗൺസിലർമാരായ ഒ.സുഭാഗ്യം, കെ.രമേശൻ, സി.പി.മനോജ്, റഹ്മത്ത് ബീഗം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.എം.കെ.ഷബിത സ്വാഗതം പറഞ്ഞു.
സേഫ് ടെയിൽ , സേഫ് തളിപ്പറമ്പ്' പദ്ധതിയുടെ തുടർച്ച
നായകളെ തെരുവിൽ നിന്ന് പിടികൂടി അവിടെ വച്ച് തന്നെ വാക്സിൻ നൽകി വിട്ടയക്കുകയാണ് ചെയ്യുന്നത്. വാക്സിൻ നൽകിയവയുടെ കഴുത്തിൽ അടയാളമായി ബെൽറ്റും കെട്ടി നൽകും.പതിനഞ്ച് ദിവസങ്ങളിലായി മുഴുവൻ വാർഡുകളിലും തെരുവുനായകൾക്ക് വാക്സിൻ നൽകും. പദ്ധതിയുടെ ആദ്യഘട്ടം 'സേഫ് ടെയിൽ, സേഫ് തളിപ്പറമ്പ്' എന്ന പേരിൽ ആഗസ്തിൽ ഉദ്ഘാടനം ചെയ്തിരുന്നു. അന്ന് ഒരു മാസം നീളുന്ന കാമ്പയിനിൽ വളർത്തുനായകൾക്കാണ് കുത്തിവെപ്പ് നൽകിയത്. രണ്ടാംഘട്ടമായാണ് തെരുവനായകൾക്കും വാക്സിൻ നൽകുന്നത്.