കേന്ദ്ര സർവ്വകലാശാലയിൽ പുതിയ അക്കാഡമിക് ബ്ലോക്ക് 30ന് കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ തറക്കല്ലിടും 52.68 കോടി രൂപ അനുവദിച്ചത് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം
കാസർകോട്: കേരള കേന്ദ്രസർവകലാശാലയിലെ പുതിയ അക്കാഡമിക് ബ്ലോക്കിന് 30 കേന്ദ്ര ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോർജ്ജ് കുര്യന് തറക്കല്ലിടും. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം പ്രധാന മന്ത്രി ജൻ വികാസ് കാര്യക്രം (പി.എം.ജെ.വി.കെ) പദ്ധതിയിൽ ഉൾപ്പെടുത്തി 52.68 കോടി രൂപയാണ് പുതിയ ബ്ലോക്ക് നിർമ്മിക്കാൻ അനുവദിച്ചതെന്ന് രജിസ്ട്രാർ ഇൻ ചാർജ്ജ് ഡോ.ആർ. ജയപ്രകാശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10ന് പെരിയ ക്യാമ്പസിന് നടക്കുന്ന പരിപാടിയിൽ വൈസ് ചാൻസലർ പ്രൊഫ. സിദ്ദു പി. അല്ഗുർ അദ്ധ്യക്ഷത വഹിക്കും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, സി.എച്ച്. കുഞ്ഞമ്പു എം.എൽ. എ തുടങ്ങിയവർ സംബന്ധിക്കും.
ഒരുക്കുന്നത് നാലുനില കെട്ടിടം
ബിസിനസ് സ്റ്റഡീസ് സ്‌കൂളിന് കീഴിലുള്ള മനേജ്‌മെന്റ് സ്റ്റഡീസ്, ടൂറിസം സ്റ്റഡീസ്, കെമേഴ്സ് ആൻഡ് ഇന്റർനാഷണൽ ബിസിനസ് എന്നീ പഠന വിഭാഗങ്ങൾക്കായാണ് നാല് നിലകളിലുള്ള കെട്ടിടം ഒരുങ്ങുന്നത്. 7500 സ്‌ക്വയർ മീറ്ററിൽ കേരളീയ മാതൃകയിലുള്ള കെട്ടിടത്തിൽ 25 സ്മാർട്ട് ക്ളാസ് റൂം, ഡിപ്പാർട്ടമെന്റൽ ലൈബ്രറി, കമ്പ്യൂട്ടർലാബ്, ഓഫീസ് മുറികൾ, എന്നിവയുണ്ടാകും. 50 കിലോ വാട്ട് സോളാർ പവർ പ്ലാൻഡ്, 1 ലക്ഷം ലിറ്ററിന്റെ മഴവെള്ള സംഭരണി, 500 പേരെ ഉൾക്കൊള്ളുന്ന സെമിനാർഹാൾ തുടങ്ങിയ പ്രത്യേകതയുമുണ്ട്.
. രജിസ്ട്രാർ ഇൻ ചാർജ് ഡോ.ആർ. ജയപ്രകാശ്, ഫിനാൻസ് ഓഫീസർ ഇൻ ചാർജ്ജ് പ്രൊഫ. രജേന്ദ്ര പിലാങ്കട്ട, പബ്ലിക് റിലേഷൻസ് ഓഫീസർ കെ.സുജിത് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.