കുടുംബശ്രീയെപ്പറ്റി അറിയാൻ ത്രിപുര സംഘം കഞ്ഞിക്കുഴിയിൽ

Tuesday 28 October 2025 2:08 AM IST

മുഹമ്മ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തനങ്ങൾ കാണാനും പഠിക്കാനും ത്രിപുര സംസ്ഥാന കേഡറിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സംഘമെത്തി. പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്.ഓഫീസിലെത്തിയ സംഘത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയനും സി.ഡി.എസ് ചെയർപേഴ്സൺ സുനിതാ സുനിലും ചേർന്ന് സ്വീകരിച്ചു. വനിതകളുടെ ചെണ്ടമേളത്തിന്റെ അകമ്പടിയിൽ കുടുംബശ്രീ ജെ എൽ ജി കൾ ഉത്പ്പാദിപ്പിച്ച പചക്കറികൾ നൽകിയാണ് സംഘത്തെ വരവേറ്റത് .

ത്രി​പുരയിലെ വിവിധ ജില്ലാ മേധാവികളടങ്ങി​യതാണ് സംഘം. 385 കുടുംബശ്രീ യൂണിറ്റുകളാണ് പതിനെട്ടു വാർഡുകളിലായി കഞ്ഞി​ക്കുഴി​യി​ൽ പ്രവർത്തിക്കുന്നത്. ഇവയുടെ ആഴ്ചയി​ലെ മീറ്റിങ്ങുകളും സാമ്പത്തിക ഇടപാടുകളും സംഘാംഗങ്ങൾ ചോദിച്ചു മനസിലാക്കി. കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന സ്വയംതൊഴിൽ സംരംഭങ്ങളും കൃഷിയി​ടങ്ങളും സംഘം സന്ദർശിച്ചു.

രാവിലെ കുടുംബശ്രീ ജില്ലാ മിഷൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിനു ശേഷമാണ് സംഘം കഞ്ഞിക്കുഴിയിൽ എത്തിയത്. വൈസ് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാർ പഞ്ചായത്തംഗങ്ങളായ ഫെയ്സി വി. ഏറനാട്, മിനി പവിത്രൻ , ബി. ഇന്ദിര. സെക്രട്ടറി ടീ.എഫ് സെബാസ്റ്റ്യൻ , അസിസ്റ്റന്റ് സെകട്ടറി പി.രാജീവ് . വൈസ് ചെയർ പേഴ്സൻ റജി പുഷ്പാംഗദൻ ,സി.ഡി.എസ് അംഗങ്ങൾ എന്നിവരുമായും ആശയവിനിമയം നടത്തി. തുടർന്ന് മാരാരിക്കുളം വടക്കു പഞ്ചായത്തിലെ ഹരിതകർമ്മ സേനയുടെ പ്രവർത്തന രീതികളും കണ്ടു മനസിലാക്കി.

ജില്ലാ പ്രോഗ്രാം മാനേജർ ആതിര ഭാനു, സംസ്ഥാന പ്രോഗ്രാം കോർഡിനേറ്റർ സാവിത്രി, സെൽട്രൽ പൂൾ മെൻഡർ ഷെൽബി പി. സ്ലീബ എന്നിവരും ഉദ്യോഗസ്ഥ സംഘത്തിന് ഒപ്പമുണ്ടായിരുന്നു.