കഴുത്തറുപ്പൻ ബ്ളേഡ് മാഫിയയെ ആര് വെട്ടും?
ആറ് ലക്ഷം രൂപ കടം വാങ്ങിയതിന് 40 ലക്ഷത്തോളം രൂപ പലിശ ഈടാക്കിയ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് ഗുരുവായൂരിൽ വ്യാപാരി ജീവനൊടുക്കിയത് രണ്ടാഴ്ച മുൻപാണ്.പൊലീസിൽ പരാതി നല്‍കി.വ്യാപാരിയുടെ ആത്മഹത്യാക്കുറിപ്പിൽ ഭീഷണിപ്പെടുത്തിയവരുടെ പേരുമുണ്ടായിരുന്നു.പക്ഷേ,നടപടിയുണ്ടായത് രണ്ടാഴ്ച കഴിഞ്ഞിട്ടാണ്. വ്യാപാരിയുടെ ബന്ധുക്കൾ മാദ്ധ്യമങ്ങളിൽ പരാതിപ്പെട്ടതോടെ മാത്രം.ഇങ്ങനെ പരാതിപ്പെടാതെ പോകുന്ന എത്രയോ പേരുണ്ടാകാം.ഗുരുവായൂർ സ്വദേശി മുസ്തഫയാണ് കൊള്ളപ്പലിശക്കാരുടെ ഭീഷണി കാരണം ജീവനൊടുക്കുന്നതായി കുറിപ്പ് എഴുതിവെച്ച് ആത്മഹത്യ ചെയ്തത്.
കേസിൽ ഒന്നാം പ്രതിയുടെ അടച്ചിട്ടിരുന്ന വീടിന്റെ പൂട്ട് തകർത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു.പ്രതിയെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്ന് കോടതിയിൽനിന്ന് അനുമതി വാങ്ങിയശേഷം ആശാരിയെ കൊണ്ടുവന്ന് പൂട്ടു പൊളിച്ചാണ് പൊലീസ് അകത്തു കയറിയത്.മുസ്തഫയുടെ സ്ഥലത്തിന്റെ കരം അടച്ച രസീത് അടക്കമുള്ള രേഖകൾ പൊലീസ് കണ്ടെടുക്കുകയും ചെയ്തു.നിരവധിപേരെ ഇത്തരത്തിൽ പ്രതികൾ ഭീഷണിപ്പെടുത്തിയ തെളിവുകൾ പൊലീസിന് ലഭിച്ചു. പലിശക്ക് പണം നൽകിയ മറ്റു പലരെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശമാണ് ലഭിച്ചിട്ടുള്ളത്.ഇത്തരം ബ്ളേഡ് മാഫിയകൾ ഗുരുവായൂരിൽ മാത്രമല്ല കേരളത്തിന്റെ നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം പിടിമുറുക്കുകയാണ്.ഇരകൾ ആത്മഹത്യ ചെയ്യുമ്പോൾ മാത്രമാണ് സംഭവം പുറത്തുവരുന്നതെന്ന് മാത്രം.
ഗുരുവായൂരിൽ ഫാൻസി കടയും ചായക്കടയും നടത്തുകയായിരുന്നു മുസ്തഫ.കട നടത്താൻ വേണ്ടിയാണ് കടം വാങ്ങിയത്.ആറ് ലക്ഷം രൂപ കടം വാങ്ങിയതിന് 40 ലക്ഷത്തോളം രൂപ മുസ്തഫയിൽ നിന്ന് വാങ്ങിയെന്ന് ആത്മഹത്യാകുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നരവർഷത്തിനിടെയാണ് 40 ലക്ഷം രൂപ തിരികെ നല്‍കിയത്.പലിശ കൊടുക്കാൻ വേണ്ടി പലരിൽ നിന്നും കടം വാങ്ങേണ്ടി വന്നിരുന്നു.മുസ്തഫയുടെ സ്ഥലവും കൊള്ളപ്പലിശക്കാരൻ ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയെന്നും കുറിപ്പിൽ വ്യക്തമാണ്. പലിശക്ക് പണം നല്‍കിയവർ മുസ്തഫയെ ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് മർദ്ദിച്ചെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.20 ലക്ഷം രൂപയുടെ സ്ഥലം എഴുതി വാങ്ങിയത് അഞ്ചു ലക്ഷം രൂപയുടെ മതിപ്പുവില കാട്ടിയാണെന്നും കുടുംബം പറയുന്നു. ഭാര്യയുടെ പേരിലുള്ള ചെക്ക് മറ്റ് സംസ്ഥാനങ്ങളിൽ കൊണ്ടുപോയി സമർപ്പിക്കുമെന്നും അവിടെ കേസ് കൊടുക്കുമെന്നും കൊള്ളപ്പലിശക്കാർ ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിച്ചിരുന്നു.
ഓൺലെെൻ മാഫിയകളും സജീവം
ഓൺലൈനിൽ പെരുകുന്ന തട്ടിപ്പുകളിലും വായ്പാതട്ടിപ്പുകളുണ്ട്.ഉപ്പുതൊട്ടു കർപ്പൂരം വരെയുളള സാധനങ്ങൾ മുതൽ ചില്ലറ വായ്പകൾ വരെ ഓൺലൈനിൽ നിന്ന് കിട്ടും.ഇതിന്റെയെല്ലാം മറവിൽ വലിയ വഞ്ചനയും നടക്കുന്നുണ്ടെന്നതാണ് സത്യം.കൊള്ളപ്പലിശ ഈടാക്കി അത്യാവശ്യക്കാരന് പണം വായ്പ നൽകുന്ന നാടൻ ബ്ലേഡ് കമ്പനിക്കാരെപ്പോലും കടത്തിവെട്ടുന്ന ഓൺലൈൻ പലിശ മാഫിയ ഒരു വശത്ത് പിടിമുറുക്കുന്നുണ്ട്.
തട്ടിപ്പിന് ചുക്കാൻ പിടിക്കാൻ ചൈനീസ് ആപ്പുകൾ വരെയുണ്ട്.ഓൺലൈൻ ലോൺ തട്ടിപ്പിനെക്കുറിച്ച് വ്യാപക പരാതി ഉയർന്നപ്പോൾ ചൈനീസ് പശ്ചാത്തലമുള്ള ഏതാനും ആപ്പുകൾ മുൻപ് കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു.പണത്തിന് ആവശ്യമുള്ള സമയത്ത്,ആരുടെ മുന്നിലും കൈനീട്ടാതെ ബാങ്ക് അക്കൗണ്ടിലേക്ക് പണമെത്തുന്നു എന്നതാണ് ഓൺലൈൻ മാഫിയകളുടെ പ്രധാന ആകർഷണം.പക്ഷേ പണം ആവശ്യക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ എത്തുന്നതോടെ അവർ കുഴിച്ച ഏറ്റവും വലിയ ചതിക്കുഴിയിൽ വീണിരിക്കും.
ഗൂഗിൾ പോലുള്ള ഓൺലൈൻ സേർച്ച് എൻജിനുകൾ വഴിയോ ഫേസ്ബുക്ക് പോലുള്ള ഏതെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയോ ആണ് ഓൺലൈൻ ലോൺ ആപ്പുകളെക്കുറിച്ച് ഉപഭോക്താക്കൾ അറിയുന്നത്.ആകർഷകമായ പരസ്യങ്ങളിലും,വിശ്വസനീയമായ രീതിയിലുള്ള അവതരണത്തിലും ആകർഷിക്കപ്പെട്ട് പണം ആവശ്യമുള്ളവർ അതിൽ ക്ലിക്ക് ചെയ്യും.തുടർന്ന് ലോൺ ആപ്പ് മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെടും.പണം അത്യാവശ്യമുള്ളയാളുകൾ എത്ര പണമാണോ ആവശ്യപ്പെടുന്നത് അത് നൽകും.അതോടൊപ്പം ഉപഭോക്താവിന്റെ രേഖകളായ ആധാർ കാർഡ്,പാൻ കാർഡ്,ബാങ്ക് അക്കൗണ്ട് വിവരങ്ങൾ,ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്,സെൽഫി ഫോട്ടോ എന്നിവ ആപ്പ് വഴി ശേഖരിക്കപ്പെടും.മൊബൈൽ ഫോണിലെ ഗ്യാലറിയിൽ സേവ് ചെയ്തിരിക്കുന്ന ഫോട്ടോകളും മറ്റ് സ്വകാര്യ വിവരങ്ങളും,കോൺടാക്ട് ഫോൺ നമ്പറുകൾ,എന്നിവ മുഴുവൻ കരസ്ഥമാക്കുകയും,ഫോൺ കോൾ,എസ്.എം.എസ്,കാമറ എന്നിവ പ്രവർത്തിപ്പിക്കാനുള്ള അനുവാദം നേടുകയും ചെയ്യും.
ഓരോരുത്തരുടെയും ക്രയശേഷി നോക്കിയാണ് ലോൺ തുക പാസാക്കുന്നത്.സാമ്പത്തിക ഞെരുക്കത്തിൽ പെടുന്ന അത്യാവശ്യക്കാർ ഏത് വിധേനയും ലോൺ തരപ്പെടുത്തുന്നതിന് അവർ ആവശ്യപ്പെടുന്നതെന്തും നൽകാൻ തയ്യാറാകും.ഭീഷണികൾ വിലപ്പോയില്ലെങ്കിൽ ഉപഭോക്താവിന്റെ ഫോണിലെ ഗാലറിയിൽ നിന്നും മോഷ്ടിച്ചെടുക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കുമെന്ന ഭീഷണി സന്ദേശങ്ങൾ അയയ്‌ക്കുകയും,പലിശയും പണവും തിരിച്ചടയ്ക്കാത്തവരുടെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും അവർ പ്രചരിപ്പിക്കുകയും ചെയ്ത സംഭവങ്ങൾ നിരവധിയുണ്ടായിട്ടുണ്ട്. ചുരുക്കത്തിൽ നാട്ടിലുളള ബ്ളേഡ് കമ്പനിക്കാരേക്കാൾ പതിൻമടങ്ങ് അപകടകാരികളാണിവർ.
വട്ടിപ്പലിശക്കാർ അന്നും ഇന്നും
വളരെ എളുപ്പത്തിൽ പണം കടമായി കിട്ടുന്നത് കൊണ്ട് സാധാരണക്കാരാണ് വട്ടിപ്പലിശക്കാരുടെ കെണിയിൽ അകപ്പെടുന്നത്. പതിറ്റാണ്ടുകളായി വട്ടിപ്പലിശക്കാർ കേരളത്തിലുണ്ട്.തമിഴ്നാട്ടിലെ സംഘങ്ങളും ഒരു കാലത്ത് സജീവമായിരുന്നു.അവർ
പണം തിരിച്ചുപിടിക്കാൻ ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് വീടുകളിൽ കയറി ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളും സാധാരണമായിരുന്നു.
നിയമനടപടികളുടെ കുറവ് വട്ടിപ്പലിശക്കാർക്ക് പലപ്പോഴും സഹായകമാകുന്നുണ്ട്. പത്തു വർഷം മുൻപ് വട്ടിപ്പലിശക്കാരെ കുടുക്കാൻ ‘ഓപ്പറേഷന്‍ കുബേര’ എന്ന പേരിൽ പൊലീസ് റെയ്ഡ് ഉണ്ടായിരുന്നു.സംസ്ഥാന വ്യാപകമായി നടത്തിയ ഈ റെയ്ഡുകൾ അനധികൃത പണമിടപാടുകാരെ ഒതുക്കിയിരുന്നു.ചില പൊലീസുകാരുടെ വഴിവിട്ട നടപടികളും പിന്നീടുണ്ടായി.ചെറുകിട വട്ടിപ്പലിശക്കാരെ കുടുക്കുമ്പോൾ വൻകിടക്കാരെ രക്ഷപ്പെടുത്തും.കർഷകരെയും ഇടത്തരക്കാരെയും സ്ഥിരവരുമാനമില്ലാത്തതിന്റെ പേരിൽ ധനകാര്യ സ്ഥാപനങ്ങൾ കയ്യൊഴിയുന്നതും വട്ടിപ്പലിശക്കാർക്ക് തുണയാകുന്നുണ്ട്.എന്തായാലും ഈ സംഘങ്ങളെ വലിപ്പച്ചെറുപ്പം നോക്കാതെ ഒതുക്കിയില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും.