ജ. സൂര്യകാന്ത് അടുത്ത ചീഫ് ജസ്റ്റിസ്; നിർദ്ദേശിച്ച് ബി.ആർ.ഗവായ്
ന്യൂഡൽഹി: സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്രിസായി ജസ്റ്റിസ് സൂര്യകാന്തിനെ ശുപാർശ ചെയ്‌ത് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് കേന്ദ്രസർക്കാരിന് കത്തയച്ചു. നവംബർ 23ന് ഗവായ് വിരമിക്കാനിരിക്കെയാണിത്. കേന്ദ്ര നിയമ മന്ത്രാലയം ഗവായിയോട് പിൻഗാമിയുടെ പേര് നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഗവായ് കഴിഞ്ഞാൽ സീനിയോറിറ്റിയിൽ അടുത്ത ജഡ്‌ജിയാണ് സൂര്യകാന്ത്. നിയമനം രാഷ്ട്രപതി അംഗീകരിച്ച് വിജ്ഞാപനമിറക്കുന്നതോടെ സുപ്രീംകോടതിയുടെ 53ാമത് ചീഫ് ജസ്റ്റിസാകും സൂര്യകാന്ത്. നവംബർ 24ന് ചുമതലയേൽക്കാം. 2027 ഫെബ്രുവരി 9ന് വിരമിക്കും. ഹരിയാന ഹിസാർ സ്വദേശിയാണ്. ഹരിയാനയിൽ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റിസ് കൂടിയാകും അദ്ദേഹം. 2004 ജനുവരിയിൽ പഞ്ചാബ് ഹരിയാന ഹൈക്കോടതി ജഡ്‌ജിയായി. 2018 ഒക്ടോബറിൽ ഹിമാചൽപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസും. 2019 മേയ് 24ന് സുപ്രീംകോടതി ജഡ്‌ജിയായി ചുമതലയേറ്റു.
പുനഃസംഘടിപ്പിക്കുമോ
ശബരിമല ബെഞ്ച്?
ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട ഒമ്പതംഗ ബെഞ്ചിലെ അംഗം. യുവതീപ്രവേശനം അനുവദിച്ച വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാഹർജികളാണ് വിശാലബെഞ്ചിന് മുന്നിലുള്ളത്. ബെഞ്ചിലെ ഭൂരിഭാഗം ജഡ്‌ജിമാരും വിരമിച്ച സാഹചര്യത്തിൽ പുനഃസംഘടിപ്പിച്ച് വാദംകേൾക്കാൻ സൂര്യകാന്ത് തയ്യാറാകുമോയെന്നത് ശ്രദ്ധേയമാണ്. കേരളത്തിന്റെ സാമ്പത്തികബുദ്ധിമുട്ടും ഗവർണറും സർക്കാരും തമ്മിലുള്ള തർക്കവും അടക്കം അദ്ദേഹം പരിഗണിച്ചിരുന്നു. അടുത്തിടെ,ബീഹാർ തീവ്ര വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഇടപെടൽ നടത്തി. തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ഉത്തരവിട്ടു.