മഴയത്തും മണലിയിൽ കുടിവെള്ളക്ഷാമം

Tuesday 28 October 2025 12:27 AM IST

വിതുര: മലയോരമേഖലയിൽ മഴ തിമിർത്തുപെയ്തിട്ടും വിതുര പഞ്ചായത്തിലെ മണലി മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷം. മഴപെയ്യുന്നുണ്ടെങ്കിലും പ്രദേശത്തെ മിക്ക കിണറുകളിലും വേണ്ടത്ര വെള്ളമില്ല. പ്രദേശത്തെ ഉയർന്ന മേഖലയാണ് കുടിവെള്ളക്ഷാമം നേരിടുന്നത്. പ്രശ്നം അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. മണലിക്ക് സമീപത്തുകൂടിയാണ് വാമനപുരം നദിനിറഞ്ഞൊഴുകുന്നത്. സാധാരണ വേനൽക്കാലത്ത് പ്രദേശവാസികൾ നദിയിലെ ജലത്തെയാണ് ആശ്രയിക്കാറുള്ളത്. പ്രദേശത്തെ കുടിവെള്ളപ്രശ്നം ചൂണ്ടിക്കാട്ടി നാട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് ഇവിടെ പൈപ്പ് ലൈൻനീട്ടി കുടിവെള്ള വിതരണം നടത്തുവാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജലജീവൻമിഷൻ പദ്ധതി പ്രകാരം പൈപ്പ്ലൈൻ സ്ഥാപിക്കുകയും വീടുകളിൽ പൈപ്പ് ഫിറ്റിംഗ് നടത്തുകയും ചെയ്തിരുന്നു. എന്നാൽ റോഡിനോട് ചേർന്നുള്ള പ്രദേശത്തെ വീടുകളിൽ മാത്രമാണ് കണക്ഷൻ നൽകിയതെന്ന് നാട്ടുകാർ പറയുന്നു.

അധികാരികളുടെ അശ്രദ്ധ

ഉൾപ്രദേശങ്ങളിൽ മാസങ്ങൾ കഴിഞ്ഞിട്ടും ജലവിതരണം ആരംഭിച്ചിട്ടില്ല. ഇവിടങ്ങളിൽ പൈപ്പ് തുറന്നാൽ കാറ്റുമാത്രം ബാക്കി. അതേസമയം കണക്ഷൻ നൽകുന്നതിനായി നീട്ടിയ പൈപ്പ് ലൈൻ പൊട്ടി ശുദ്ധജലം പാഴായി ഒഴുകുകയാണ്. പൈപ്പ് പൊട്ടിയ വിവരം വാട്ടർ അതോറിറ്റിയെ അറിയിച്ചെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. മണലി മേഖലയിൽ ജലജീവൻമിഷൻ പദ്ധതി പ്രകാരം ഉടൻ കുടിവെള്ള വിതരണം നടത്തുമെന്നാണ് അധികൃതരുടെ വിശദീകരണം. ഇല്ലെങ്കിൽ കുടിനീരിനായി സമരം നടത്തുമെന്ന് നാട്ടുകാർ പറഞ്ഞു.

പ്രതികരണം

വിതുര പഞ്ചായത്തിലെ മണലി മേഖലയിലെ കുടിവെള്ളപ്രശ്നത്തിന് അടിയന്തര പരിഹാരം കാണണം. നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പൊൻമുടി റോഡ് ഉപരോധം ഉൾപ്പടെ സമരപരിപാടികൾ സംഘടിപ്പിക്കും.

മണലി നിവാസികൾ