തിരഞ്ഞെടുപ്പോ, ഛഠ് പൂജ കഴിയട്ടെ
നിയമസഭാ തിരഞ്ഞെടുപ്പ് വാതിൽക്കലെത്തിയെങ്കിലും നാലു ദിവസത്തെ ഛഠ് പൂജയുടെ ആഘോഷത്തിലമർന്ന ബീഹാറികൾക്ക് അതൊന്നും ആലോചിക്കാനേ സമയമില്ല. അതു മനസിലാക്കി പ്രചാരണം നിറുത്തിവച്ചിരിക്കുകയാണ് പാർട്ടികൾ. ഇന്ന് രാവിലെ പ്രത്യേകം തയ്യാറാക്കിയ ഘാട്ടുകളിലെ സൂര്യ നമസ്‌കാരത്തോടെ പൂജ സമാപിക്കും. തലസ്ഥാനമായ പാട്‌നയിൽ രണ്ടു ദിവസമായി കടകമ്പോളങ്ങളെല്ലാം അടഞ്ഞ് കിടുക്കയാണ്. അന്തരിച്ച ഭോജ്പുരി ഗായിക ശാരദാ സിൻഹയുടെ ഛഠ് പൂജാ ഗാനങ്ങൾ റോഡിൽ സ്ഥാപിച്ച മൈക്കുകളിലൂടെ മുഴങ്ങി കേൾക്കാം. തിരഞ്ഞെടുപ്പ് കാലമായതിനാൽ സർക്കാർ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.
പകൽ വിജനമായിരുന്ന വീഥികളെല്ലാം ഇന്നലെ ഉച്ചകഴിഞ്ഞപ്പോഴാണ് ഉണർന്നത്. വൈകിട്ടോടെ മൂന്നാം ദിവസത്തെ
അസ്‌തമയ സൂര്യനെ വണങ്ങിയുള്ള സന്ധ്യാ സ്‌നാനത്തിനായി പരമ്പരാഗത വസ്‌ത്രം ധരിച്ച് വിശ്വാസികൾ ഒഴുകിയെത്തി. ചെറിയ മൊന്തയിൽ നിറഞ്ഞ പാൽ വെള്ളത്തിൽ അർപ്പിച്ച ശേഷമാണ് സ്‌നാനം. അരിയും തേങ്ങയും കരിമ്പും പഴങ്ങളും അടങ്ങിയ നിവേദ്യവും സൂര്യഭഗവാന് അർപ്പിക്കും. ഗംഗയുടെയും പോഷകനദികളുടെയും തീരത്ത് തയ്യാറാക്കിയ 500 ലധികം ഘാട്ടുകളിൽ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. സ്‌ത്രീകളാണ് കൂടുതലും. ഇന്ന് രാവിലത്തെ പ്രധാന പൂജയ്‌ക്കായി ഗംഗാ തീരത്തെ ഘട്ടുകൾ ഒരുങ്ങി കഴിഞ്ഞു.
മുഖ്യമന്ത്രി നിതീഷ് കുമാർ,പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്,കേന്ദ്രമന്ത്രിമാർ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവരെല്ലാം പൂജയ്‌ക്കായുള്ള 36 മണിക്കൂർ ഉപവാസത്തിന്റെ ഭാഗമായി വീടുകളിലാണ്. പരസ്യപ്രചാരണം നടക്കാത്തതിനാൽ ഛഠ് പൂജാ ഒരുക്കങ്ങളുടെ പേരിൽ വോട്ടർമാരെ പ്രീതിപ്പെടുത്താൻ രാഷ്‌ട്രീയ കക്ഷികൾ മത്സരിക്കുന്നു. ഘാട്ടുകളുടെ പരിപാലനം പാർട്ടികളുടെ നേതൃത്വത്തിലാണ്. വോട്ട് ചോദിക്കില്ലെങ്കിലും സ്ഥാനാർത്ഥികളും അവിടെ എത്തും.
ഐതിഹ്യം
സീത മുഗ്ദൽ ഋഷിയുടെ ആശ്രമത്തിൽ താമസിച്ച് സൂര്യദേവനെ ആരാധിച്ചതാണ് ഛഠ് ആഘോഷവുമായി ബന്ധപ്പെട്ട ഒരു കഥ.