ജില്ലയിൽ ദുരിതപ്പെയ്ത്ത്... നഗരത്തെ വലച്ച് വെള്ളക്കെട്ട്

Tuesday 28 October 2025 12:55 AM IST

തൃശൂർ: ജില്ലയിൽ ഇന്നലെ പുലർച്ചെ മുതൽ പെയ്ത ശക്തമായ മഴയിൽ നഗരത്തിലടക്കം വെള്ളക്കെട്ടിൽ ജനം വലഞ്ഞു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടായി. ശക്തൻ സ്റ്റാൻഡ് പരിസരം പൂർണമായും വെള്ളത്തിൽ മുങ്ങി. ശക്തൻ പ്രതിമ മുതൽ കൊക്കാലയിലേക്ക് പോകുന്ന റോഡ് പൂർണമായും വെള്ളത്തിലായി. ഇക്കണ്ട വാര്യർ റോഡ്, സ്വരാജ് റൗണ്ട് എന്നിവിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. ജില്ലാ ജനറൽ അശുപത്രിക്ക് സമീപം വെള്ളക്കെട്ട് വാഹന യാത്രക്കാരെ ഏറെ വലച്ചു. മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് വന്നതോടെ പീച്ചി ഡാമിന്റെ അടക്കം ഷട്ടറുകൾ ഉയർത്തി ജലനിരപ്പ് ക്രമീകരിക്കാൻ നടപടി സ്വീകരിച്ചിരുന്നു.

വാഹനക്കുരുക്കും രൂക്ഷം

മഴ ശക്തമായതോടെ നഗരത്തിന്റെ പല ഭാഗങ്ങളിലും വാഹനക്കുരുക്ക് രൂക്ഷമായി. കെ.എസ്.ആർ.ടി.സി നവീകരണം നടക്കുന്നതിന്റെ ഭാഗമായി റോഡ് പൊളിച്ചിട്ടതിനാൽ കുരുക്കിൽപ്പെട്ട് വാഹനങ്ങളുടെ നിര നീണ്ടു. എം.ജി റോഡിലും കുരുക്ക് രൂക്ഷമായിരുന്നു. അമ്മാടം കോടന്നൂർ, കാഞ്ഞാണി, അന്തിക്കാട് തുടങ്ങിയ ഭാഗങ്ങളിൽ റോഡുകളിലെ വെള്ളക്കെട്ട് യാത്രക്കാരെ വലച്ചു.

മുണ്ടകൻ കർഷകരും ആശങ്കയിൽ

മുണ്ടകൻ കൃഷിയിറക്കുന്ന നടപടികൾ അവസാനഘട്ടത്തിലിരിക്കെ പെയ്ത കനത്ത മഴ കർഷകരെയും വലച്ചു. ജില്ലയിലെ പല കോൾപടവുകളിലും ഞാറ് നടീൽ നടന്നു കൊണ്ടിരിക്കുകയാണ്. ആലപ്പാട്, പുള്ള്, മനക്കൊടി, അരിമ്പൂർ, അന്തിക്കാട്, ഏനാമാവ്, വെങ്കിടങ്ങ് തുടങ്ങിയ മേഖലകളിൽ കൃഷിയിറക്കൽ നടന്നു കൊണ്ടിരിക്കുകയാണ്. കോൾ നിലങ്ങളിലും വിവിധ പാടശേഖരങ്ങളിലുമായി 30,000 ഹെക്ടറിലാണ് മുണ്ടകൻ കൃഷിയിറക്കുന്നത്. ഇന്നലെ ആലപ്പാട് മേഖലയിൽ പലയിടങ്ങളിലും രണ്ട് ദിവസം മുമ്പ് നട്ട ഞാറുകൾ മുങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ പുല്ലഴി കോൾപടവിലെ 200 ഏക്കർ സ്ഥലത്തെ കൃഷി നശിച്ചിരുന്നു.