അണിഞ്ഞൊരുങ്ങി പാറന്നൂർ ചിറ.
കേച്ചേരി: ചൂണ്ടൽ പഞ്ചായത്തിലെ പ്രധാന വില്ലേജ് ടൂറിസം കേന്ദ്രമായ പാറന്നൂർ ചിറ വിനോദ സഞ്ചാരികളെ കൂടുതൽ ആകർഷിക്കാൻ അണിഞ്ഞൊരുങ്ങി. സൗന്ദര്യവത്കരണം പൂർത്തിയായ ചിറയുടെയും ഡോ. രാധാകൃഷ്ണ കൈമൾ സ്മാരക ഹാപ്പിനസ് പാർക്കിന്റേയും ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12.30 ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ചിറയുടെ വശം കെട്ടിയുയർത്തി സന്ദർശക ഗാലറിയും ചിറയോട് ചേർന്ന് റോഡരികിൽ കട്ട വിരിക്കലും പൂർത്തിയായി. പുഴ കാണാനെത്തുന്നവർക്ക് സംരക്ഷണമായി വശങ്ങളിൽ ഹാൻഡ് റെയിലും അലങ്കാരവിളക്കുകളും സ്ഥാപിച്ചു. പാറന്നൂർ ജനകീയ വായനശാലയുടെ നേതൃത്വത്തിൽ ചിറയിൽ എത്തുന്ന സഞ്ചാരികൾക്കായി റീഡിംഗ് കോർണറും ഒരുക്കിയിട്ടുണ്ട്.
ഒരു കോടിയുടെ നവീകരണം
കേന്ദ്രത്തിന്റെ നഗര സഞ്ചയിക പദ്ധതി പ്രകാരം ലഭിച്ച ഒരു കോടി അൻപതിനായിരം രൂപ ചെലവിലാണ് നവീകരണം. ജില്ലാ പഞ്ചായത്ത് 18 ലക്ഷം രൂപ ചെലവിട്ട് കുട്ടികളുടെ പാർക്കിൽ കട്ടവിരിക്കലും പൂർത്തിയായി. ഉദ്ഘാടനച്ചടങ്ങിൽ മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.